തെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഇനി ആര് ഇറാനെ നയിക്കുമെന്നുള്ള സംശയങ്ങൾ ഉയർന്നു വരികയാണ്.1989 മുതൽ ഇറാനെ നയിക്കുന്ന ഖാംനഈ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തലവനായിരുന്ന ഭരണാധികാരിയാണ്. ഖാംനഈയുടെ മരണത്തെ തുടർന്ന് മൂന്നംഗ കൗൺസിൽ ഭരണപരമായ ഉത്തരവാദിത്തങ്ങൾ താൽക്കാലികമായി കൈകാര്യം ചെയ്യും.
ഖാംനഈയുടെ മകൻ മുജ്തബ അദ്ദേഹത്തിന്‍റെ പിൻഗാമിയായേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. അതിന് മുമ്പ് ഖാനഈ യുടെ ശിഷ്യനും പ്രസിഡന്‍റുമായിരുന്ന ഇബ്രാഹിം റൈസി ആകും ഖാംനഈക്ക് ശേഷം പിൻഗാമിയാവുക എന്ന രീതിയിൽ ചർച്ച നടന്നിരുന്നു. എന്നാൽ 2024 മെയിൽ ഇബ്രാഹിം റൈസി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെ അതിനുള്ള സാധ്യതകൾ ഇല്ലാതായി. തുടർന്നാണ് മകനിലേക്ക് സാധ്യത നീങ്ങിയത്. 56 വയസുകാരനായ മുജ്തബ ഇതിനുമുമ്പ് ഭരണകൂടത്തിന്‍റെ ഔദ്യോഗിക പദവികളൊന്നും വഹിച്ചിട്ടില്ല. പിതാവിന്‍റെ അധികാരം മകനിലേക്ക് കൈമാറുന്നത് ഇറാൻ ജനതക്കിടയിൽ അതൃപ്തി ഉണ്ടാക്കാനുള്ള സാധ്യത കാണുന്നുണ്ട്.
യു.എസിലെ ഫോറിൻ റിലേഷൻ കൗൺസിൽ പുറത്തിറക്കിയ പട്ടികയിൽ ഖാംനഈക്ക് ശേഷം നേതൃ സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ള ആളുകളിൽ പല പേരുകളും ഉയർന്ന് വരുന്നുണ്ട്. അതിൽ ഒന്ന് ഹജ്ജത് ഉൽ ഇസ്ലാം മൊഹ്സെൻ ക്വാമിയുടേതാണ്. ഖാംനഈയുടെ ഏറ്റവും അടുത്ത ഉപദേശകനും വിശ്വസ്തനുമാണ് ഇദ്ദേഹം. ഹജ്ജതിന്‍റെ നേതൃത്വത്തിന് നിലവിലെ സാഹചര്യങ്ങളിൽ രാജ്യത്ത് സ്ഥിരത കൊണ്ടു വരാൻ സഹായിക്കുമെന്നാണ് ഒരു വിഭാഗം കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.