വളർത്തു പുലികളെ ഉപേക്ഷിക്കാൻ വയ്യ; യുക്രെയ്ൻ വിടാൻ വിസമ്മതിച്ച് ഇന്ത്യൻ ഡോക്ടർ

കിയവ്: റഷ്യൻ അധിനിവേശത്തിനിടെ യുക്രെയ്നിൽ വളർത്ത് നായ് സൈറക്കൊപ്പം കുടുങ്ങിയ മലയാളിയായ ആ​ര്യയുടെ കഥ നാമെല്ലാം വായിച്ചതാണ്. കഴിഞ്ഞ ദിവസംആര്യയും സൈറയും സുരക്ഷിതമായി വീട്ടിലെത്തിയിരുന്നു. ഇതേ പോലെ യുക്രെയ്നിലെ യുദ്ധഭൂമിയിൽ ത​െന്റ വളർത്തു മൃഗങ്ങളുമായി കുടുങ്ങിക്കിടക്കുകയാണ് ഡോ. ഗിരികുമാർ പാട്ടീൽ. എന്നാൽ പൂച്ചയോ നായോ അല്ല ഗിരികുമാറിന്റെ വളർത്തുമൃഗങ്ങൾ. രണ്ട് പുലികളുമായാണ് ഡോൺബാസിലെ സെവറോഡോനെസ്കിലെ വീടിന് സമീപത്തെ ബങ്കറിൽ ഗിരികുമാർ കഴിയുന്നത്.

പ്രദേശം വിഘടനവാദികളുടെ നിയന്ത്രണത്തിലാണ്. സ്ഥിതിഗതികൾ അതിവേഗം വഷളാകുന്ന സാഹചര്യത്തിലും മൃഗങ്ങളെ ഉപേക്ഷിച്ചുപോരാൻ ഡോക്ടർ പാട്ടീൽ തയാറല്ല. 'എന്റെ ജീവൻ രക്ഷിക്കാൻ ഞാൻ ഒരിക്കലും എന്റെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കില്ല. എന്റെ വീട്ടുകാർ തിരിച്ചുവരാൻ പ്രേരിപ്പിക്കുന്നുണ്ട്. അത് രണ്ടും എന്റെ കുട്ടികളാണ്. എന്റെ അവസാന ശ്വാസം വരെ ഞാൻ അവരോടൊപ്പം നിൽക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യും'- ഡോ. പാട്ടീൽ ദേശീയ മാധ്യമത്തോട് പറഞ്ഞു.

2007യിലാണ് മെഡിക്കൽ പഠനത്തിനായി ഡോ. പാട്ടീൽ യുക്രെയ്നിലേക്ക് പോയത്. പിന്നീട് ഡോൺബാസിൽ സ്ഥിരതാമസമാക്കി. പിന്നീട് അദ്ദേഹം പ്രാദേശിക സർക്കാർ ആശുപത്രിയിൽ ഡോക്ടറായി ജോലിയിൽ പ്രവേശിപ്പിച്ചു.

ഒരു പ്രാദേശിക മൃഗശാലയിൽ നിന്നാണ് അവശനും അനാഥനുമായ പുള്ളിപ്പുലിയെ അധികാരികളുടെ അനുമതിയോടെ പാട്ടീൽ ദത്തെടുത്തത്. അതിന് യാഷ എന്ന് പേരിട്ടു. രണ്ട് മാസം മുമ്പാണ് യാഷക്ക് ഇണയായി കരിമ്പുലിയായ സബ്രീനയെ കൊണ്ടുവന്നത്.

യുദ്ധം ആരംഭിച്ചതിന് ശേഷം പാട്ടീൽ തന്റെ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം വാങ്ങാൻ വേണ്ടി മാത്രമാണ് ബങ്കറിൽ നിന്ന് പുറത്തിറങ്ങിയതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ആൺപുലിക്ക് 20 മാസവും പെൺപുലിക്ക് ആറ് മാസവുമാണ് പ്രായം.

'പുലിക്കുട്ടികൾ എന്നോടൊപ്പമാണ് ബേസ്‌മെന്റിൽകഴിയുന്നത്. ഞങ്ങൾക്ക് ചുറ്റും ബോംബാക്രമണങ്ങൾ നടക്കുന്നത് കേട്ട് അവ ഭയക്കുന്നു. അവർ ഭക്ഷണം കഴിക്കുന്നത് നന്നേ കുറവാണ്. എനിക്ക് അവരെ ഉപേക്ഷിക്കാൻ കഴിയില്ല' 40-കാരൻ പറഞ്ഞു. പുലികളെ കൂടാതെ ഡോ. പാട്ടീലിന് മൂന്ന് നായ്ക്കളുമുണ്ട്. ഇറ്റാലിയൻ മാസ്റ്റിഫ് ഇനത്തിൽ പെട്ട നായ്ക്കുട്ടികൾക്കായി തന്റെ യൂട്യൂബ് ചാനലിലൂടെ ഫണ്ട് ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തനുകു സ്വദേശിയാണ് ഡോ പാട്ടീൽ. തന്റെ എല്ലാ വളർത്തുമൃഗങ്ങളെയും വീട്ടിലേക്ക് കൊണ്ടുപോകാൻ ഇന്ത്യൻ സർക്കാർ അനുവദിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

Tags:    
News Summary - never abandon Pet Jaguar And Panther Indian Doctor Refuses To Leave Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.