ഇസ്രായേലിന് യുദ്ധവിമാന ഭാഗങ്ങൾ നൽകുന്ന ഡച്ച് സർക്കാറിനെതിരെ യുദ്ധക്കുറ്റത്തിന് കേസ്

ആംസ്റ്റർഡാം: ഇസ്രായേലിന് യുദ്ധവിമാന ഭാഗങ്ങൾ കൈമാറുകവഴി യുദ്ധക്കുറ്റങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് ഡച്ച് സർക്കാറിനെതിരെ മനുഷ്യാവകാശ സംഘടനകൾ കോടതിയിൽ. ഗസ്സയിൽ ബോംബുവർഷത്തിന് പ്രധാനമായും ഉപയോഗപ്പെടുത്തുന്ന എഫ്-35 വിമാനങ്ങളുടെ ഭാഗങ്ങളാണ് നെതർലൻഡ്സ് രാജ്യത്ത് സൂക്ഷിച്ച് കൈമാറുന്നത്.

ആയിരക്കണക്കിന് കുരുന്നുകളടക്കം നിരപരാധികളുടെ മരണത്തിൽ ഡച്ച് സർക്കാറും പങ്കാളിയായെന്ന് പരാതിക്കാരായ ഓക്സ്ഫാം അടക്കം സംഘടനകൾ കുറ്റപ്പെടുത്തി. ഡച്ച് സന്നദ്ധ സംഘടനകളായ റൈറ്റ്സ് ഫോറം, പി.എ.എക്സ് എന്നിവയാണ് മറ്റു പരാതിക്കാർ.

ആയുധക്കയറ്റുമതി വഴി യുദ്ധക്കുറ്റങ്ങളിൽ ഭാഗമായെന്ന പരാതിയിൽ ഹേഗിലെ ജില്ല കോടതി വാദം കേൾക്കും.

കോടതി കയറുകയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നെന്ന് ഓക്സ്ഫാം നെതർലൻഡ്സ് വിഭാഗം ഡയറക്ടർ മിഷിയേൽ സെർവയ്സ് പറഞ്ഞു. ‘‘പല തവണയായി ഉന്നതതലങ്ങളിൽ പോലും അടിയന്തര വെടിനിർത്തലിനും മാനുഷിക സഹായം എത്തിക്കാനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫലസ്തീനികൾക്കും ഇസ്രായേലികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ദീർഘകാല പരിഹാരത്തിനും ആവശ്യപ്പെട്ടിരുന്നു. അതിനിടെ, സൈനിക ഉപകരണങ്ങൾ നൽകുകവഴി ഈ യുദ്ധക്കുറ്റങ്ങളിൽ നെതർലൻഡ്സ് തന്നെ ഭാഗമാകുന്നത് വേദനാജനകമാണ്’’- അദ്ദേഹം തുടർന്നു.

യു.എസ് നിർമിത എഫ്-35 വിമാന ഭാഗങ്ങളുടെ മേഖലയിലെ സംഭരണശാലയാണ് നെതർലൻഡ്സിലുള്ളത്. ഒക്ടോബർ ഏഴിനു ശേഷവും ഇസ്രായേലിലേക്ക് ഇവ കയറ്റി അയച്ചതായി സർക്കാർ രേഖകൾ പറയുന്നു. വിഷയത്തിൽ ഡച്ച് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Netherlands accused of war crimes complicity for Israeli military supplies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.