ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു

ഹെയർ കട്ടിനും മേക്കപ്പിനുമായി നെതന്യാഹു പൊടിച്ചത് 4.5 കോടി; യുദ്ധകാലത്തെ ധൂർത്തിനെതിരെ ജനരോഷം, വിവരങ്ങൾ മൂടിവെയ്ക്കാൻ ദേശീയ സുരക്ഷയുടെ 'പൂട്ടും'

ജെറുസലേം: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയും യുദ്ധസാഹചര്യങ്ങളിലൂടെയും കടന്നുപോകുമ്പോൾ, ആഡംബരത്തിന് യാതൊരു കുറവുമില്ലാതെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും കുടുംബവും. മുടി വെട്ടലിനും മേക്കപ്പിനും മറ്റുമായി കഴിഞ്ഞ ഏഴു വർഷത്തിനിടെ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് ഏകദേശം 4.5 കോടി രൂപയാണ് (4,70,000 ഡോളർ). വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന ഔദ്യോഗിക രേഖകളാണ് രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും ജനരോഷത്തിനും വഴിവെച്ചിരിക്കുന്നത്. 2019ന്റെ തുടക്കം മുതൽ 2026 ആഗസ്റ്റ് വരെയുള്ള കാലയളവിലെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

90 ശതമാനവും നെതന്യാഹു കുടുംബത്തിനായി

കഴിഞ്ഞ ഏഴു വർഷത്തെ ആകെ മേക്കപ്പ്, ഹെയർസ്റ്റൈലിങ് ചെലവുകളുടെ 90 ശതമാനവും നിലവിലെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവുമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വകാര്യ സംഘടനയായ 'മൂവ്മെന്റ് ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷനുവേണ്ടി അറ്റോർണി യാര വിങ്ക്ലർ-ഷാലിറ്റ് നൽകിയ വിവരാവകാശ അപേക്ഷയെ തുടർന്നാണ് ഈ വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറായത്. മാസങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് വിവരങ്ങൾ നൽകാൻ അധികൃതർ നിർബന്ധിതരായത്.

കണക്കുകൾ പരിശോധിക്കുമ്പോൾ ധൂർത്തിന്റെ വ്യാപ്തി വ്യക്തമാകും. 2025-ൽ ചെലവ് സർവകാല റെക്കോർഡിലെത്തി. ഏകദേശം 1,11,000 ഡോളറാണ് ആ വർഷം മാത്രം ഇതിനായി ചെലവഴിച്ചത്. 2023-ൽ ഇത് 1,03,000 ഡോളറായിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റ്, യെയർ ലാപിഡ് എന്നിവരുടെ ഭരണകാലത്ത് ഈ ചെലവുകൾ വളരെ തുച്ഛമായിരുന്നു. പ്രതിവർഷം ഏകദേശം 27,600 ഡോളർ മാത്രമാണ് ഇവർ ഇനത്തിൽ ചെലവഴിച്ചത്. വസ്ത്രധാരണത്തിനും സൽക്കാരങ്ങൾക്കുമായുള്ള അലവൻസ് കണക്കുകളിലും വലിയ അന്തരം കാണാം. നെതന്യാഹു ഇതിനായി 1,34,000 ഡോളർ കൈപ്പറ്റിയപ്പോൾ, ബെന്നറ്റ് 19,000 ഡോളറും ലാപിഡ് 2,600 ഡോളറുമാണ് ഉപയോഗിച്ചത്.

വിദേശയാത്രകളിലെ ആഡംബര ചെലവുകൾ

ഉയർന്ന തോതിലുള്ള വിദേശയാത്രകളും വലിയ തുകയുടെ മേക്കപ്പ് ചെലവുകൾക്ക് കാരണമായിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ വാഷിങ്ടൺ ഡി.സിയിലേക്ക് നെതന്യാഹു നടത്തിയ ഒറ്റ യാത്രയിൽ മാത്രം മേക്കപ്പ്, ഹെയർസ്റ്റൈലിംഗ് എന്നിവയ്ക്കായി 13,500 ഡോളറാണ് ചെലവായത്. 2024 ജൂലൈയിലെ യു.എസ് സന്ദർശന വേളയിൽ ഇത് 11,500 ഡോളറായിരുന്നു. രാഷ്ട്രീയ-സൈനിക സംഘർഷങ്ങൾ നിറഞ്ഞ ഘട്ടങ്ങളിൽ പോലും ഇത്തരം ആഡംബരങ്ങൾ തുടർന്നു എന്നതിന് രേഖകൾ വ്യക്തമായ തെളിവാണ്. 2023 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള യുദ്ധകാലയളവിൽ പോലും ഹെയർസ്റ്റൈലിങിനും മേക്കപ്പിനുമായി വലിയ തുകകളാണ് ഖജനാവിൽ നിന്ന് ചോർന്നത്.

വിവരങ്ങൾ മൂടിവെയ്ക്കാൻ 'ദേശീയ സുരക്ഷ'

വിവരങ്ങൾ പുറത്തുവിട്ടെങ്കിലും, നെതന്യാഹു കുടുംബത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും ഹെയർസ്റ്റൈലിസ്റ്റുകളുടെയും പേരുകൾ 'ദേശീയ സുരക്ഷ' മുൻനിർത്തി സർക്കാർ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. കൂടാതെ, ആഭരണങ്ങൾ, വ്യക്തിഗത വസ്ത്രങ്ങൾ, ഇമേജ് കൺസൾട്ടൻസി എന്നിവയ്ക്കായി പബ്ലിക് ഫണ്ട് ഉപയോഗിച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ അധികൃതർ വിസമ്മതിച്ചു. ഇതിനെതിരെ സുതാര്യതയ്ക്കായുള്ള പ്രവർത്തകർ പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ള ഈ ധൂർത്ത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tags:    
News Summary - ഹെയർ കട്ടിനും മേക്കപ്പിനുമായി നെതന്യാഹു പൊടിച്ചത് 4.5 കോടി; യുദ്ധകാലത്തെ ധൂർത്തിനെതിരെ ജനരോഷം, വിവരങ്ങൾ മൂടിവെയ്ക്കാൻ ദേശീയ സുരക്ഷയുടെ 'പൂട്ടും'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.