കറുപ്പിൽ പൊതിഞ്ഞ് ഷി ജിൻപിങിന്‍റെ വാഹന വ്യൂഹം: കൗതുകമായി ഹോങ്ചി N701
ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിന് കൗതുകമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്‍റെ ഔദ്യോഗിക വാഹനവ്യൂഹം. കട്ടിയുള്ള കറുത്ത കവർ മൂടി, ഡൽഹി നിരത്തിലൂടെ കടന്നുപോകുന്ന ചൈനീസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വാഹനവ്യൂഹത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി ലോകനേതാക്കളുടെ സന്ദർശനത്തിന് സാക്ഷിയായ ഡൽഹി നഗരത്തിന്, കറുപ്പിൽ മൂടിയ ആഡംബര കാറുകൾ വേറിട്ട കാഴ്ചയായി.
ഷിയുടെ അത്യാധുനിക ഔദ്യോഗിക വാഹനമായ ഹോങ്ചി N701 (Hongqi N701) ആണ് കൗതുകം നിറച്ച വാഹനം. ചൈനയിൽ നിന്ന് പ്രത്യേകം എത്തിച്ച, കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഈ ലിമോസിൻ (Limousine) ചൈനയിലെ ഏറ്റവും ഉയർന്ന ഭരണാധികാരികൾക്ക് വേണ്ടി മാത്രം പ്രത്യേകം രൂപകൽപ്പന ചെയ്ത ഒന്നാണ്. പ്രത്യേക സുരക്ഷയുള്ള ഔദ്യോഗിക കാറുകളാണ് മിക്ക വിദേശ സന്ദർശന വേളകളിലും ഷി ഉപയോഗിക്കാറുള്ളത്. ഷിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൈന ഈ വാഹനങ്ങൾ മുൻകൂട്ടി അയക്കാറുണ്ട്. ഡൽഹിയിലും ഇത്തരത്തിൽ ഔദ്യോഗിക വാഹനങ്ങൾ നേരത്തെ തന്നെ ഇന്ത്യയിൽ എത്തിച്ചിരുന്നു. പ്രധാനമായും സുരക്ഷ കണക്കിലെടുത്താണ് ചൈന ഇത്തരത്തിൽ ഔദ്യോഗിക വാഹനങ്ങൾ വിദേശ രാജ്യങ്ങളിലും ഉപയോഗിക്കുന്നത്.
കാർഗോ വിമാനങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമ്പോഴും വിമാനത്താവള പരിസരങ്ങളിൽ നീക്കുമ്പോഴും ഫ്ലാറ്റ്‌ബെഡ് കാരിയറുകളിൽ കൊണ്ടുപോകുമ്പോഴും കട്ടിയുള്ള കറുത്ത തുണികളോ ടാർപോളീനുകളോ ഉപയോഗിച്ച് മൂടിയിടുന്നത് പതിവാണ്. പൊടി, മഴ, സൂര്യപ്രകാശം, ആകസ്മികമായ കേടുപാടുകൾ എന്നിവയിൽ നിന്ന് കാറുകളെ സംരക്ഷിക്കുന്നതിനും മറ്റ് കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കാനുമാണ് മൂടികൾ സഹായിക്കുന്നത്. സുരക്ഷാ കാര്യത്തിൽ കണിശത പാലിക്കുന്ന ചൈന, ഗതാഗതവേളകളിൽ അവ മൂടിവെക്കുന്നതിന് പിന്നിൽ അനാവശ്യമായ കാഴ്ചകളിൽ നിന്നും ഫൊട്ടോഗ്രാഫുകളിൽ നിന്നും അകറ്റി നിർത്തുന്നതും ലക്ഷ്യമിടുന്നു.
ചൈനീസ് ലക്ഷ്വറി ബ്രാൻഡായ ഹോങ്ചി നിർമ്മിച്ച പ്രത്യേക ലിമോസിൻ ആയ ഹോങ്ചി N701 (Hongqi N701) ആണ് ഷിയുടെ പ്രധാന പ്രസിഡൻഷ്യൽ വാഹനം (Presidential vehicle). പൊതുജനങ്ങൾക്ക് ലഭ്യമായ സാധാരണ ലക്ഷ്വറി കാറല്ല N701. ചൈനയുടെ ഉന്നത നേതൃത്വത്തിനായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണിത്. ഇതിന്റെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ഈ ലിമോസിന് ഏകദേശം 5.5 മീറ്റർ നീളമുണ്ട് - അതായത് ഏകദേശം 18 അടി. ഹോങ്ചിയുടെ പ്രത്യേകതയായ ആകർഷകമായ ഗ്രില്ലും ചെങ്കൊടി ലോഗോയും (Red Flag emblem) ഇതിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ കാർ കനത്ത സുരക്ഷയുള്ളതാണ്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് (Bullet-resistant glass), കനത്ത ആർമർ പ്ലേറ്റിങ് (Armoured bodywork), വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ടയറുകൾ എന്നിവ ഇതിന്‍റ പ്രത്യേകതകളാണ്. ചെറിയ സ്ഫോടനങ്ങളെയും രാസവസ്തുക്കളുടെ ആക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ടെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
ഏകദേശം 408 ഹോഴ്സ്പവർ ഉത്പാദിപ്പിക്കുന്ന 6.0 ലിറ്റർ V12 എഞ്ചിനും N701ന്‍റെ പ്രത്യേകതയാണെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഈ രഹസ്യസ്വഭാവമാണ് കാർ പ്രേമികളെയും സുരക്ഷാ നിരീക്ഷകരെയും ഈ വാഹനത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.
N701 വിദേശയാത്രകളിൽ ഷിയോടൊപ്പം പോകുന്നത് ഇതാദ്യമല്ല. റഷ്യ, യുഎസ്, ഹോങ്കോങ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദർശനവേളകളിലും ഈ ലിമോസിൻ ഒപ്പമുണ്ടായിരുന്നു. അതിന്റെ ആകർഷകമായ രൂപകൽപ്പനയും കവചവും മറ്റ് സുരക്ഷാ സവിശേഷതകളെക്കുറിച്ചും ലഭ്യമായ പരിമിതമായ വിവരങ്ങളും കാരണം വിദേശ യാത്രകളിലെ ഇതിന്റെ സാന്നിധ്യം നിരന്തരം ശ്രദ്ധിക്കപ്പെടാറുണ്ട്. വിദേശ ലക്ഷ്വറി ബ്രാൻഡുകളെ ആശ്രയിക്കുന്നതിന് പകരം പ്രസിഡന്റിനായി സ്വന്തം രാജ്യത്ത് നിർമ്മിച്ച ലിമോസിൻ ഉപയോഗിക്കാനാണ് ചൈനയ്ക്ക് താല്പര്യം.
1958-ൽ സ്ഥാപിതമായ ഹോങ്ചിക്ക് (Hongqi) ചൈനീസ് രാഷ്ട്രീയ നേതൃത്വവുമായി ദീർഘകാല ബന്ധമുണ്ട്. പിന്നീട് അതൊരു വലിയ ലക്ഷ്വറി ഓട്ടോമൊബൈൽ ബ്രാൻഡായി മാറുകയായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും സുരക്ഷ ഉറപ്പാക്കാൻ സ്വന്തം രാജ്യത്ത് രൂപകൽപ്പന ചെയ്ത പ്രത്യേക സ്റ്റേറ്റ് ലിമോസിനായ ഔറസ് സെനാറ്റ് (Aurus Senat) ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.