ജറൂസലേം: ഇറാനെതിരെയുള്ള ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇസ്രായേൽ സ്വാഗതം ചെയ്തു. എന്നാൽ ഈ താൽക്കാലിക വെടിനിർത്തൽ കരാർ ലബനാന് ബാധകമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് നെതന്യാഹു ഇസ്രായേലിന്റെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കക്കും ഇസ്രായേലിനും മറ്റ് അറബ് രാഷ്ട്രങ്ങൾക്കും ഇറാൻ ഉയർത്തുന്ന ആണവ-മിസൈൽ ഭീഷണികൾ അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി നെതന്യാഹു പറഞ്ഞു. വരാനിരിക്കുന്ന ചർച്ചകളിൽ ഇസ്രായേലിന്റെ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് അമേരിക്ക ഉറപ്പുനൽകിയതായും നെതന്യാഹു അറിയിച്ചു. പാകിസ്താന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിലാണ് നിർണ്ണായക ചർച്ചകൾ നടക്കുന്നത്.
മേഖലയിൽ എല്ലായിടത്തും വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ വിശദീകരണം. ലബനാൻ ഉൾപ്പെടെ എല്ലായിടത്തും ഉടൻ വെടിനിർത്തൽ നടപ്പിലാക്കാൻ സഖ്യകക്ഷികൾ സമ്മതിച്ചതായാണ് ഷെരീഫ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഇറാനുമായുള്ള യു.എസിന്റെ താൽക്കാലിക വെടിനിർത്തൽ പിന്തുണക്കുമ്പോഴും ലബനാനിലെ സൈനിക നടപടികളിൽ ഇളവുണ്ടാകില്ലെന്ന കർശനമായ സന്ദേശമാണ് ഇസ്രായേൽ നൽകുന്നത്. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നതിനിടെ ലബനാൻ വിഷയത്തിൽ ഇസ്രായേൽ സ്വീകരിച്ചിരിക്കുന്ന ഈ നിലപാട് ചർച്ചകളിൽ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
യുദ്ധത്തിൽ തങ്ങൾക്ക് നേരിട്ട നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നതടക്കം 10 ഇന നിർദേശങ്ങൾ മുന്നോട്ടുവെച്ച് കൊണ്ടാണ് ഇറാൻ വെടിനിർത്തലിന് തയ്യാറായത്. തങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തിയാൽ രണ്ടാഴ്ച തിരിച്ചടി നിർത്തുമെന്നും ഇറാൻ അറിയിച്ചു.
രണ്ടാഴ്ചയെന്ന സമയപരിധി ഇരുകക്ഷികളുടെയും ധാരണ പ്രകാരം നീട്ടാൻ കഴിയും. ഇതിനായുള്ള തുടർചർച്ചകൾ ഏപ്രിൽ 10ന് പാകിസ്താനിലെ ഇസ്‍ലാമാബാദിൽ തുടങ്ങും. തങ്ങളുടെ കൈകൾ തോക്കിന്റെ കാഞ്ചിയിലാണെന്നും ശത്രുക്കൾ ലംഘിച്ചാൽ ഉടൻ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ പരമോന്നത സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി.
ചർച്ചകൾ നടക്കുന്ന രണ്ടാഴ്ചക്കാലം എല്ലാവരും ഒറ്റക്കെട്ടായി ഐക്യത്തോടെ നിലനിൽക്കണം. വിജയാഘോഷങ്ങൾ ശക്തിയോടെ തുടരുകയും ചെയ്യണം. അമേരിക്കയെ പൂർണമായി വിശ്വസിച്ചല്ല ഈ ചർച്ചകൾക്ക് ഇറാൻ തയ്യാറാകുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ രാജ്യത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും സുരക്ഷാ കൗൺസിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.