ബിന്യമിൻ നെതന്യാഹു


ഇറാനുമായി നയതന്ത്ര ഉടമ്പടി സാധ്യമല്ലെന്ന് നെതന്യാഹു; ട്രംപിന്‍റെ സാമ്പത്തിക ഉപരോധത്തിന് പിന്തുണ

ജെറുസലേം: ഇറാൻ ഭരിക്കുന്ന ‘ക്രൂരന്മാരു’മായി നയതന്ത്ര ഉടമ്പടി സാധ്യമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാനെതിരായ പുതിയ സാമ്പത്തിക ഉപരോധത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഇസ്ലാമിക് റിപ്പബ്ലിക്കുമായി നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തതായി നെതന്യാഹു വ്യക്തമാക്കി. എന്നാൽ ആ സംഘവുമായോ, ക്രൂരന്മാരുമായോ ഒരു കരാറിലെത്താൻ കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞാൻ നിങ്ങളോട് പറയുന്നു -ഒരു കരാറിലെത്താൻ കഴിയില്ല’ -അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു ഇസ്രായേലി സെറ്റിൽമെന്റിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ നെതന്യാഹു പറഞ്ഞു. മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ 2015ൽ ഉണ്ടാക്കിയ ആണവ കരാറിനെതിരെ നെതന്യാഹു പരസ്യമായി രംഗത്തുവന്നിരുന്നു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെ നെതന്യാഹു തുടക്കംമുതലെ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

അതേസമയം, ഇറാനെതിരായ സാമ്പത്തിക സമ്മർദം അമേരിക്ക ശക്തമാക്കുകയാണ്. തെഹ്റാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുകയെന്ന ലക്ഷ്യത്തോടെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതായി യു.എസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപും മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇറാനും ഏപ്രിലിൽ വെടിനിർത്തലിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി ധാരണയിലെത്തിയിരുന്നെങ്കിലും പിന്നീട് സമാധാനപ്രക്രിയ നിലച്ചു. കഴിഞ്ഞ മാസം അമേരിക്കയും ഇറാനും വീണ്ടും സൈനികാക്രമണങ്ങൾ ആരംഭിച്ചത് പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാക്കിയിരുന്നു.

എന്നാൽ, ഇന്ധന വില വർധനയിൽ ഉൾപ്പെടെ രാജ്യത്തിനകത്തു തന്നെ എതിർപ്പ് ശക്തമാകുന്നതാണ് ഇറാനെതിരെ പൂർണ തോതിലുള്ള യുദ്ധത്തിലേക്ക് തിരിച്ചുവരാൻ ട്രംപിനെ ഭയപ്പെടുത്തുന്നത്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുക എന്ന ലക്ഷ്യവുമായാണ് കഴിഞ്ഞദിവസം ട്രംപ് ‘സാമ്പത്തിക ഡി-ഡേ’ (economic D-Day) എന്ന് വിശേഷിപ്പിക്കുന്ന കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചത്. ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. വർഷങ്ങളായുള്ള ഉപരോധം കാരണം ഇതിനകം തന്നെ വലിയ ദുരിതത്തിലൂടെയാണ് ഇറാൻ കടന്നുപോകുന്നത്.

ട്രംപിന്റെ സാമ്പത്തിക സമ്മർദ പ്രചാരണത്തെ പിന്തുണക്കുന്നതായി നെതന്യാഹു വ്യക്തമാക്കി. ഇറാനെ ലക്ഷ്യമിടുക മാത്രമല്ല, ഈ ഭരണകൂടത്തെയും ഭീകരമായ ഏകാധിപത്യത്തെയും സഹായിക്കുന്നവരുടെ മേലുള്ള ഉപരോധം കർശനമാക്കാനാണ് ട്രംപ് തീരുമാനിച്ചതെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, യു.എസിന്‍റെ സാമ്പത്തിക ഉപരോധത്തെ പിന്തുണക്കുന്ന അയൽ രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്നും മേഖലയിലെ അവരുടെ താൽപര്യങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Netanyahu says no diplomatic deal possible with Iran 'savages'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.