കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 105 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 384 യാത്രക്കാരെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ്. കാണാതായവരിൽ 291 വിദേശ പൗരന്മാരും 93 നേപ്പാളി പൗരന്മാരും ഉൾപ്പെടുന്നുവെന്നാണ് ടൂറിസം ബോർഡ് പുറത്തുവിട്ട പ്രാഥമിക പട്ടികയിൽ റിപ്പോർട്ടിൽ പറയുന്നത്. ഇവരുടെ സുരക്ഷയും മറ്റു വിവരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
.ടൂറിസം പോലീസും മറ്റ് വകുപ്പുകളും ട്രാവൽ ഏജൻസികളുമായി ചേർന്ന് ഊർജിതമായ തിരച്ചിൽ തുടരുകയാണ്. ദുരന്തത്തിൽ വൻ നാശനഷ്ടങ്ങളാണുണ്ടായിട്ടുള്ളത്.
നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം ദുരന്തബാധിത മേഖലയിലുണ്ടായിരുന്ന 384 പേരെയാണ് കാണാതായിട്ടുള്ളത്. പട്ടികയിലുള്ള 291 വിദേശികളിൽ ഓസ്ട്രേലിയ, നെതർലാൻഡ്സ്, യു.എസ്, മലേഷ്യ, യു.കെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും ഉൾപ്പെടുന്നു. ഇതിനുപുറമെ 37 പ്രവാസി ഇന്ത്യക്കാരെയും 93 നേപ്പാളി പൗരന്മാരെയും കാണാതായിട്ടുണ്ട്.
പത്ത് പ്രമുഖ ടൂറിസം ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രാഥമിക പട്ടിക തയാറാക്കിയിട്ടുള്ളത്. ട്രെക്കേഴ്സ് സൊസൈറ്റി (92 പേർ), സമ്രാട്ട് ടൂർസ് ആൻഡ് ട്രാവൽസ് (71 പേർ), ലീഫ് ഹോളിഡേ (55 പേർ), ഹിമാലയൻ ഗ്ലേസിയർ (52 പേർ) തുടങ്ങിയ ഏജൻസികളുടെ കീഴിലുള്ളവരാണ് പട്ടികയിലുള്ളവരിൽ ഏറെയും.
നേപ്പാളിലെ ഗണ്ഡക് നദിയുടെ ഉപരിചാച്ചൽ മേഖലയിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ബീഹാർ ദുരന്തനിവാരണ വകുപ്പും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഗണ്ഡക് നദീതീരത്തുള്ള ജില്ലകളിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.