ഹമാസുമായി കരാറിലെത്തിയെന്ന് നെതന്യാഹു

തെൽ അവീവ്: ഹമാസുമായി കരാറിലെത്തിയെന്ന് അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെത്യനാഹു. കരാറിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കഴിഞ്ഞ ദിവസം അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസുമായി കരാറിലെത്തിയെന്ന് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് വിളിച്ചുചേർത്ത് കരാറിന് അംഗീകാരം നൽകുമെന്നും നെതന്യാഹു അറിയിച്ചു.

ഇസ്രായേലും ഹമാസും കരാറിലെത്തിയതോടെ ഗസ്സയിലെ യുദ്ധം അവസാനിക്കുന്നതിനും ബന്ദിമോചനത്തിനും അത് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാസങ്ങൾ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവിൽ ഗസ്സയിലെ വെടിനിർത്തലും ബന്ദിമോചനവും ഉറപ്പു നൽകുന്ന സമാധാന കരാർ പ്രാബല്യത്തിൽ വന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അവസാനത്തെ രണ്ടാഴ്ചയിൽ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയിൽ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിർത്തൽ കരാറിലെത്തിച്ചത്. ജനുവരി 19 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

42 ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. പകരമായി ഇസ്രായേൽ ജയിലിലുള്ള ആയിരത്തിലേറെ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും. വെടിനിർത്തിലിന്റെ ആറാഴ്ചക്കുള്ളിൽ തന്നെ ഫലസ്തീനികൾക്ക് വടക്കൻ ഗസ്സയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിന്റെ ഭാഗമാണ്. മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും മേൽനോട്ടത്തിലാവും അഭയാർഥികളായ ഫലസ്തീനികളുടെ വീടുകളിലേക്കുള്ള മടക്കം.

ഗസ്സ പുനർനിർമാണം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. സമ്പൂർണ വെടിനിർത്തലും സൈനിക പിൻമാറ്റവും ബന്ദികളുടെ മോചനവും ഉറപ്പാക്കുന്നതാണ് കരാറെന്ന് അദ്ദേഹം വാഷിങ്ടണിൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Netanyahu says deal to release hostages held in Gaza has been reached

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.