മാധവ് കുമാർ നേപ്പാൾ
കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രിയും സി.പി.എൻ-യൂനിഫൈഡ് സോഷ്യലിസ്റ്റ് ചെയർമാനുമായ മാധവ് കുമാർ നേപ്പാളിനെതിരെ ഭൂമി തട്ടിപ്പ് കേസിൽ കുറ്റം ചുമത്തി. ദ കാഠ്മണ്ഡു പോസ്റ്റാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. മുൻ നിയമമന്ത്രി പ്രേം ബഹാദൂർ സിങ്, അന്തരിച്ച ഭൂപരിഷ്കരണ മന്ത്രി ദംബർ ശ്രേഷ്ഠ, മുൻ ചീഫ് സെക്രട്ടറി മാധവ് പ്രസാദ് ഘിമിരെ എന്നിവരും കുറ്റക്കാരാണ്. അധികാര ദുർവിനിയോഗം അന്വേഷിക്കുന്നതിനുള്ള കമീഷനാണ് മാധവ് നേപ്പാളിനും മറ്റ് 92 പേർക്കുമെതിരെ കാഠ്മണ്ഡുവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2010ൽ വ്യത്യസ്ത സ്ഥലങ്ങളിൽ സന്നദ്ധ സംഘടനക്ക് പരിധിയിൽ കവിഞ്ഞ് നിയമവിരുദ്ധമായി ഭൂമി അനുവദിച്ചെന്നാണ് കേസ്.
അഴിമതി വിരുദ്ധ വകുപ്പ് പ്രകാരം പ്രതികൾക്ക് തടവുശിക്ഷ നൽകണമെന്നും ഇവരിൽനിന്ന് 185.85 ദശലക്ഷം രൂപ തിരിച്ചുപിടിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. അതേസമയം, കുറ്റം നിഷേധിച്ച മാധവ് കുമാർ, തന്റെ രാഷ്ട്രീയ ജീവിതം തകർക്കാനുള്ള ഗൂഢാലോചനയാണിതെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.