നേപ്പാളിൽ ദേശീയ ദുഃഖാചരണം; പ്രളയദുരന്തത്തിന്റെ 13ാം ദിവസം കണ്ണീരോടെ രാജ്യം, മരണം 1300 കടന്നു
കാഠ്മണ്ഡു: രാജ്യത്തെ നടുക്കിയ പ്രളയ ദുരന്തത്തിന്റെ 13ാം ദിവസം നേപ്പാളിൽ ദേശീയ ദുഃഖാചരണം. ആഗസ്റ്റ് 26ന് റാസുവ, നുവാകോട്ട്, ധാദിങ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ സ്മരണക്കായാണ് ദുഃഖാചരണം.
ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് സർക്കാർ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചത്. പ്രളയത്തിൽ 1300ലേറെ പേരാണ് മരിച്ചത്. അതേസമയം ഏകദേശം 5000 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ വിദേശ പൗരന്മാരും ഉൾപ്പെടും.
ആഗസ്റ്റ് 26ന് ഹിമാലയൻ മേഖലയിൽ ഉണ്ടായ ഹിമാനി തകർച്ചയാണ് പ്രളയത്തിന് കാരണമായത്. തുടർന്ന് ബോട്ടെകോശി, ത്രിശൂലി നദികളിൽ ജലനിരപ്പ് അതിവേഗം ഉയർന്നു. നദീതീരത്തെ പട്ടണങ്ങളും ഗ്രാമങ്ങളും വീടുകളും പാലങ്ങളും റോഡുകളും പ്രളയത്തിൽ ഒലിച്ചുപോയി.
നേപ്പാൾ, ചൈന അതിർത്തിയോട് ചേർന്ന റാസുവ മേഖലയാണ് ദുരന്തം രൂക്ഷമായി ബാധിച്ച പ്രദേശം. നിരവധി കെട്ടിടങ്ങൾ പൂർണമായും മണ്ണിനടിയിലായി. പ്രധാന ഗതാഗതപാതകളും വ്യാപാരകേന്ദ്രങ്ങളും വൈദ്യുതി പദ്ധതികളും തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. അവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിയിരിക്കാമെന്ന സംശയത്തിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. വലിയ തോതിൽ മൃതദേഹങ്ങൾ ലഭിച്ചതോടെ അവ തിരിച്ചറിയുന്നതും അധികൃതർക്ക് വലിയ വെല്ലുവിളിയാണ്. പല മൃതദേഹങ്ങളും ദിവസങ്ങളോളം മണ്ണിലും അവശിഷ്ടങ്ങളിലും കിടന്നതിനാൽ തിരിച്ചറിയൽ ബുദ്ധിമുട്ടാണ്. ഡി.എൻ.എ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചില ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിലും ആളുകൾ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞദിവസം, പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ജില്ലകളിലൊന്നായ നുവാകോട്ടിൽ വയോധികയായ ചണ്ഡിക ശ്രേസ്തയെ രക്ഷാപ്രവർത്തകർ അതിസാഹസികമായി 11ാം ദിവസം രക്ഷപ്പെടുത്തിയിരുന്നു. ബിദൂർ മുനിസിപ്പാലിറ്റിയിലെ ബേത്രാവതിയിലെ നാലുനില കെട്ടിടത്തിൽ ശ്രേസ്ത കുടുംബത്തോടൊപ്പം കഴിയുന്നതിനിടെയായിരുന്നു വെള്ളപ്പാച്ചിൽ കെട്ടിടമൊന്നാകെ മണ്ണിനടിയിലാക്കിയത്.
ദിവസങ്ങൾക്ക് മുമ്പ് ഇവിടെ തിരച്ചിൽ സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. അന്ന് പ്രതികരണമൊന്നുമുണ്ടായില്ലെന്ന് സായുധ പൊലീസ് സേനയിലെ സുമൻ ബിക് പറഞ്ഞു. എന്നാൽ, ഞായറാഴ്ച ഇതുവഴി പോകുന്ന രക്ഷാപ്രവർത്തകരാണ് നേർത്ത ശബ്ദം കേട്ടത്. ചുറ്റുമുള്ള ചെളിയും അവശിഷ്ടങ്ങളും നീക്കി ജനൽ പൊളിച്ച് അടുത്തെത്തിയപ്പോൾ പകുതി മണ്ണ് മൂടിയ നിലയിൽ ശ്രേസ്ത കിടക്കുന്നത് കണ്ടെത്തി. മുക്കാൽ മണിക്കൂറെടുത്താണ് ഇവരുടെ ശരീരത്തിലെ മണ്ണുനീക്കിയത്. അടിയന്തര ചികിത്സയും ഭക്ഷണവും നൽകി സൈനിക ഹെലികോപ്റ്ററിൽ ഇവരെ തലസ്ഥാന നഗരത്തിലെ ആശുപത്രിയിലെത്തിച്ചു. ശ്രേസ്തയുടെ ഭർത്താവ് ആനന്ദ്‍ലാൽ ശ്രേസ്ത അടക്കം നിരവധി പേരെ കുറിച്ച് വിവരങ്ങളില്ല.
സമാനമായി റസുവ ജില്ലയിലെ വൈദ്യുത നിലയത്തിന്റെ തുരങ്കത്തിൽനിന്ന് ഒരു ചൈനീസ് പൗരനെയും ജീവനോടെ പുറത്തെത്തിച്ചു. അപ്പർ ത്രിശൂലി-1 പദ്ധതി ജീവനക്കാരനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ഹെലികോപ്റ്ററിൽ ചൈനയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.