അഗ്നിപർവ്വതം
ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം: എട്ട് വിമാനത്താവളങ്ങൾ അടച്ചു; 1,70,000 യാത്രക്കാർ കുടുങ്ങി
ജക്കാർത്ത: ഇന്തോനേഷ്യയിൽ അനക് ക്രാകതോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വൻ വ്യോമഗതാഗത തടസ്സം. പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സോക്കാർണോ-ഹാട്ട ഉൾപ്പെടെ എട്ട് വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയതോടെ ഞായറാഴ്ച ഏകദേശം 1,70,000 യാത്രക്കാരാണ് കുടുങ്ങിപ്പോയത്. നൂറുകണക്കിന് വിമാന സർവീസുകളാണ് ഇതിനെത്തുടർന്ന് റദ്ദാക്കിയത്.
ശനിയാഴ്ചയാണ് അനക് ക്രാകതോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. നൂറുകണക്കിന് കിലോമീറ്റർ അകലെ വരെ കേൾക്കാവുന്ന തരത്തിലുള്ള വലിയ ശബ്ദങ്ങളും ആകാശത്തേക്ക് ഉയർന്ന ലാവ പ്രവാഹവുമാണ് ഉണ്ടായതെന്ന് ജിയോളജി ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. തുടർന്ന് ഞായറാഴ്ചയും രണ്ട് പുതിയ പൊട്ടിത്തെറികൾ കൂടി രേഖപ്പെടുത്തിയതായി വോൾക്കനോളജി ഏജൻസി അറിയിച്ചു.
ഇന്തോനേഷ്യൻ തലസ്ഥാനത്തെ പ്രധാന സോക്കാർണോ-ഹാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമാതിർത്തിയിൽ അഗ്നിപർവ്വത ചാരം കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ അടിയന്തരമായി സർവീസുകൾ നിർത്തിവെച്ചത്. അനക് ക്രാകതോവയിലെ വർധിച്ചുവരുന്ന അഗ്നിപർവ്വത പ്രവർത്തനങ്ങൾ കാരണം വിമാനത്താവളത്തിന്റെ പ്രവർത്തനം തിങ്കളാഴ്ച രാവിലെ 8:59 വരെ നീട്ടിയതായി വിമാനത്താവള അധികൃതർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അറിയിച്ചു.
സുമാത്രയിലെ ബന്ദുങ്ങിലുള്ള ഹുസൈൻ സസ്ത്രനഗര വിമാനത്താവളവും രാദിൻ ഇന്റൻ II വിമാനത്താവളവും ഉൾപ്പെടെ മറ്റ് ഏഴ് വിമാനത്താവളങ്ങളുടെയും പ്രവർത്തനം തിങ്കളാഴ്ച രാവിലെ വരെ നിർത്തിവെച്ചു. "ഇതുവരെ 8 വിമാനത്താവളങ്ങളിലായി 1,558 വിമാനങ്ങൾ വൈകിയോടുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
1,70,000 യാത്രക്കാരാണ് വിവിധയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത് മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിൽ 900ലധികം വിമാനങ്ങളും സോക്കാർണോ-ഹാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ളതോ അവിടേക്ക് വരുന്നതോ ആണ്. യാത്രക്കാരുടെ ദുരിതം പരിഹരിക്കാനായി സെമരാംഗ്, സുരബായ തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളങ്ങൾ ബദൽ ലാൻഡിങ്ങിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ദുഡി പുർവഗാന്ധി അറിയിച്ചു.
വിമാന സർവീസുകൾ നിലച്ചത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. സുമാത്രയുടെ തെക്കേ അറ്റത്തുള്ള ബന്ദർ ലാംപൂംഗ് നഗരത്തിലും അഗ്നിപർവ്വത ചാരം എത്തിച്ചേർന്നു. ഇത് പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെയും റോഡരികുകളുടെയും മുകളിൽ പാടപോലെ പടർന്നുപിടിച്ചിട്ടുണ്ട്. "ഇത് ശ്വാസകോശത്തെ സാരമായി ബാധിക്കുകയും ഗുരുതരമായ അണുബാധക്ക് കാരണമാവുകയും ചെയ്യുമെന്ന് എനിക്ക് ആശങ്കയുണ്ട്," 25 കാരനായ ആന്ദ്രേ ബായു സപ്ത്ര ആശങ്കയോടെ പറഞ്ഞു.
അഗ്നിപർവ്വത വിസ്ഫോടനത്തെ തുടർന്ന് ജക്കാർത്തയിലെ സ്കൂളുകൾ തിങ്കളാഴ്ച അടച്ചിടുമെന്നും ക്ലാസുകൾ ഓൺലൈനായി മാറ്റുമെന്നും നഗര ഭരണകൂടം അറിയിച്ചു. എന്നാൽ ഈ ക്രമീകരണം എത്ര കാലം നീണ്ടുനിൽക്കുമെന്ന് വ്യക്തത വരുത്തിയിട്ടില്ല.
ജാവക്കും സുമാത്രക്കും ഇടയിലുള്ള കടലിടുക്കിലാണ് 'കുട്ടി ക്രാകതോവ' എന്നർത്ഥം വരുന്ന അനക് ക്രാകതോവ സ്ഥിതി ചെയ്യുന്നത്. നാവിഗേഷൻ സുരക്ഷ മുൻനിർത്തി ഈ കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അഗ്നിപർവ്വതത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിലുള്ള എക്സ്ക്ലൂഷൻ സോണിലേക്ക് കപ്പലുകൾ പ്രവേശിക്കുന്നതിന് കർശന വിലക്കുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 1883ലെ വിനാശകരമായ ക്രാകതോവ അഗ്നിപർവ്വത സ്ഫോടനത്തിന് ശേഷമുണ്ടായ കാൽഡെറയിൽ നിന്നാണ് അനക് ക്രാകതോവ കടലിൽ നിന്ന് ഉയർന്നുവന്നത്. ചരിത്രത്തിലെ ഏറ്റവും മാരകമായ ആ ദുരന്തത്തിൽ ഏകദേശം 35,000 ആളുകൾക്ക് ജീവൻ നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.