ഗസ്സ സിറ്റി: ഗസ്സ മുനമ്പിലെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ 8,000 പേരുടെ മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നുവെന്ന് ടെറിട്ടോറിയൽ ഡിഫൻസ് റിപ്പോർട്ട്. രക്ഷാ പ്രവർത്തകർ ഇവ വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാങ്കേതിക സംവിധാനങ്ങളുടെ പരിമിതി മൂലം പല മേഖലയിലേക്കും എത്തുന്നത് ദുഷ്കരമാണെന്ന് പ്രതിരോധ വക്താവ് മഹ്മൗദ് ബസൽ പറഞ്ഞു.
3,000 പേർ ഇപ്പോഴും കാണാമറയത്താണ്. ഇവർ ജീവനോടെ ഉണ്ടോ കൊല്ലപ്പെട്ടോ തടവിലാണോ എന്ന് ഉറപ്പില്ലെന്നാണ് ബസൽ പറയുന്നത്. അവശിഷ്ടങ്ങൾ നീക്കാനുള്ള കാലതാമസം കാരണം നൂറുകണക്കിന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിയാത്ത വിധം അഴുകിപ്പോയി. അപകട സാധ്യതയും ഉപകരണങ്ങളുടെ അഭാവവും ആണ് സ്ഥിതിഗതികൾ വഷളാക്കിയത്.
യു.എൻ.ഡി.പി റിപ്പോർട്ട് പ്രകാരം ഏകദേശം 61 മില്യൻ ടൺ അവശിഷ്ടങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണ് ഗസ്സ. ഇതിൽ ഏറിയ പങ്കും അപകടകാരികളാണ്. കുമിഞ്ഞുകൂടിയ അവശിഷ്ടങ്ങളിൽ 15 ശതമാനം അതിഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ആസ്ബറ്റോസ്, വ്യാവസായിക അവശിഷ്ടങ്ങൾ, ഘന ലോഹങ്ങൾ എന്നിവയാണ്.
യുദ്ധം തുടങ്ങിയ ആദ്യ അഞ്ച് മാസങ്ങളിൽ സൃഷ്ടിക്കപ്പെട്ടതാണ് നിലവിലെ അവശിഷ്ടങ്ങളിൽ മൂന്നിൽ രണ്ടും. ഗസ്സയെ മൂടിയ അവശിഷ്ടങ്ങൾ നീക്കുന്നതിന് ഏഴ് വർഷം വേണ്ടി വരുമെന്നാണ് ഫലസ്തീൻ ഇൻഫർമേഷൻ സെന്‍റർ പറയുന്നത്. ഇതിന് വിദേശ സഹായങ്ങൾ ഗസ്സക്ക് വേണം.
2023ൽ ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചത് മുതൽ 72,000 പേർക്കാണ് ഗസ്സയിലെ കുരുതിക്കളത്തിൽ ജീവൻ നഷ്ടപ്പെട്ടത്. യുദ്ധത്തിൽ ഗസ്സയിലെ 90 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകർന്നടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.