ബെയ്ജിങ്: ഇന്ത്യൻ മഹാസമുദ്രത്തിൽ 'സീ-വിങ്' അണ്ടർവാട്ടർ ഗ്ലൈഡർ ഡ്രോണുകൾ വിന്യസിച്ച് ചൈന. 2016ൽ ചൈന പിടിച്ചെടുത്ത യു.എസ് നാവിക സേനയുടെ ഡ്രോണിന് സമാനമായതാണ് ഇപ്പോൾ ചൈന വിന്യസിച്ചിരിക്കുന്നത്.
കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്താനായിരുന്നു അമേരിക്ക ഇത് വിന്യസിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ സീ-വിങ് ഗ്ലൈഡർ എന്നറിയപ്പെടുന്ന അണ്ടർവാട്ടർ ഡ്രോണുകൾ ചൈന വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ നിരീക്ഷകൻ എച്ച്.ഐ സട്ടൺ പറഞ്ഞു. ഡ്രോണുകൾക്ക് മാസങ്ങളോളം പ്രവർത്തിക്കാനും നാവിക രഹസ്യാന്വേഷണ നിരീക്ഷണങ്ങൾ നടത്താനും കഴിയും.
ഡിസംബർ മധ്യത്തിൽ വിന്യസിച്ച സീ ഗ്ലൈഡറുകൾ 3400 നിരീക്ഷണങ്ങൾ നടത്തിയ ശേഷം ഫെബ്രുവരിയിൽ വീണ്ടെടുക്കുമെന്ന് സട്ടൺ ഫോബ്‌സ് മാസികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ചൈനീസ് ഗ്ലൈഡറുകൾ സമുദ്രശാസ്ത്ര വിവരങ്ങൾ ശേഖരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
അതിനിടെ, കിഴക്കൻ ലഡാക്കിലെ സൈനിക വിന്യാസം സംബന്ധിച്ച് ഇന്ത്യ - ചൈന ഒമ്പതാം വട്ട സൈനികതല ചർച്ച നടത്താൻ തീരുമാനമായതായി ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ ടാൻ കെഫെ അറിയിച്ചു. സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യയുമായി ആശയവിനിമയം നടത്താൻ ചൈന സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.