വ്യോമ നിരോധിത മേഖല: നാറ്റോയെ പിന്തിരിപ്പിച്ചതെന്ത് ?

മോസ്കോ: യുക്രെയ്‌ൻ ആകാശത്ത് വ്യോമ നിരോധിത മേഖല കൊണ്ടുവന്നാൽ റഷ്യയുമായി ഉരസേണ്ടിവരുമെന്ന ഭീതിയിലാണ് നാറ്റോ രാജ്യങ്ങൾ. റഷ്യൻ സൈനിക വിമാന ഭീഷണി നേരിടാൻ വ്യോമ നിരോധിത മേഖല ഏർപ്പെടുത്തണമെന്ന പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കിയുടെ ആവശ്യം നാറ്റോ തള്ളിയതിന് കാരണവും മറ്റൊന്നല്ല. ഇത്തരം നീക്കം റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വലിച്ചിടുമെന്നാണ് നാറ്റോ കരുതുന്നത്.

പ്രത്യേക പ്രദേശത്ത് വിമാനങ്ങൾ നിരോധിക്കുന്ന ഉത്തരവാണ് നോ ഫ്ലൈ സോൺ. സുരക്ഷ കാരണങ്ങളാൽ സർക്കാർ കെട്ടിടങ്ങൾക്കും പൊതുസ്ഥലങ്ങൾക്കും അല്ലെങ്കിൽ മതപരവും സാംസ്കാരികവുമായ കാരണങ്ങളാൽ പുണ്യസ്ഥലങ്ങൾക്ക് മുകളിലും ഇത്തരം മേഖലകൾ ഏർപ്പെടുത്താറുണ്ട്. പോർ വിമാനങ്ങളുടെ ആക്രമണങ്ങൾ തടയാൻ സംഘർഷ മേഖലകളിൽ ഇതു പരീക്ഷിക്കുന്നത് വലിയ ഏറ്റുമുട്ടലുകളിൽ കലാശിച്ചിട്ടുണ്ട്. 1991ൽ ഗൾഫ് യുദ്ധത്തിലാണ് വ്യോമനിരോധിത മേഖലകളുടെ ആധുനിക ഉപയോഗം കണ്ടത്. കുവൈത്ത് അധിനിവേശത്തിൽനിന്ന് അമേരിക്കയും സഖ്യകക്ഷികളും ഇറാഖിനെ തുരത്തിയശേഷം സദ്ദാം ഹുസൈൻ പതിനായിരങ്ങളെ കൊന്നൊടുക്കാൻ സായുധ ഹെലികോപ്ടർ ഉപയോഗിച്ചതാണ് ഇതിലേക്ക് നയിച്ചത്. കുവൈത്തിന്റെ പേരിൽ സദ്ദാമിനെതിരെ സഖ്യം കടുത്ത ആക്രമണത്തിന് തയാറായില്ല. പകരം യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നിവ ഇറാഖിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിൽ വ്യോമ നിരോധിത മേഖലകൾ പ്രഖ്യാപിച്ചു.

2003 ഇറാഖ് യുദ്ധം വരെ ആ മേഖലകൾ തുടർന്നു. നടപടി നിയമപരമല്ലെന്നും ഇറാഖി വ്യോമ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ അമേരിക്കൻ ആക്രമണങ്ങൾ സാധാരണക്കാരെ കൊന്നൊടുക്കിയെന്നുമുള്ള വിമർശനങ്ങൾക്കിടയാക്കി.മറ്റു രാജ്യങ്ങളിലും വ്യോമ നിരോധിത മേഖലകൾ കൊണ്ടുവന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ നാറ്റോ ബാൽക്കൺ സംഘർഷകാലത്ത് 1993 മുതൽ 1995 വരെ ബോസ്നിയയിലും ഹെർസഗോവിനയിലും ഏർപ്പെടുത്തി. 2011ൽ ലിബിയയിൽ ഏകാധിപതി കേണൽ മുഅമ്മർ ഗദ്ദാഫി കലാപത്തെ അമർച്ചചെയ്യാൻ ശ്രമിക്കവെ സഖ്യം വീണ്ടും ഇതാവർത്തിച്ചു. ഇത്തരം നിയന്ത്രണങ്ങളിൽ വ്യോമ പ്രതിരോധം തകർക്കലും വിമാനം വെടിവെച്ച് വീഴ്ത്തലും ഉൾപ്പെടുന്നു.യുക്രെയ്‌ന് മുകളിൽ വ്യോമ നിരോധിത മേഖല പ്രഖ്യാപിക്കുന്ന ഏതു രാഷ്ട്രവും പോരാട്ടത്തിൽ പങ്കാളിയാകുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിെൻറ ഭീഷണി.

റഷ്യയുടെ തിരിച്ചടി ഉണ്ടാകുമെന്ന് അസന്ദിഗ്ധമായി വ്യക്തമായതോടെയാണ് അത്തരം ആലോചനകളിേലക്ക് പോകാതെ നാറ്റോ പിന്തിരിഞ്ഞത്. റഷ്യയുമായുള്ള ഏറ്റുമുട്ടൽ ഭയത്താൽ വ്യോമ നിരോധിത മേഖല നിർദേശം നിരസിച്ചതായി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് തന്നെ വ്യക്തമാക്കി. എന്നാൽ, നാറ്റോയുടെ ഈ വിസമ്മതം റഷ്യക്ക് യുദ്ധംതുടരാൻ പച്ചക്കൊടിയാണെന്നാണ് യുക്രെയ്ൻ പ്രസിഡൻറ് വോളോദിമിർ സെലൻസ്കി പ്രതികരിച്ചത്.

Tags:    
News Summary - NATO why hasn't it imposed a no-fly zone in Ukraine?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.