ബെനിൻ പ്രസിഡന്റ് പാട്രിസ് ടാലോണിനെ സ്ഥാനത്തുനിന്ന് നീക്കുന്നതായി പൊതു ടെലിവിഷൻ ചാനലായ ബിടിവിയിൽ പ്രഖ്യാപിക്കുന്ന സൈനിക ഉദ്യോഗസ്ഥർ (സ്ക്രീൻഷോട്ട് /ബിടിവി)
കോട്ടുനു: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബെനീനിൽ സൈനിക അട്ടിമറി ശ്രമം വിഫലമാക്കി. ഒരു വിഭാഗം സൈനികർ ഞായറാഴ്ച ഔദ്യോഗിക ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് സർക്കാറിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
മിലിട്ടറി കമ്മിറ്റി ഫോർ റീ ഫൗണ്ടേഷൻ എന്ന് സ്വയം വിശേഷിപ്പിച്ച സൈനിക ഗ്രൂപ്പാണ് പ്രസിഡന്റിനെ പുറത്താക്കിയതായും സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചതായും വ്യക്തമാക്കിയത്. ലെഫ്. കേണൽ പാസ്കൽ ടിഗ്രിയെ പുതിയ പ്രസിഡന്റായി നിയമിച്ചതായും സൈനിക കമ്മിറ്റി അറിയിച്ചു. അതേസമയം, അട്ടിമറി നീക്കം സായുധസേന പരാജയപ്പെടുത്തിയതായും സൈന്യം രാജ്യത്തോട് ഇപ്പോഴും കൂറ് പുലർത്തുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
1960ൽ ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം നേടിയശേഷം രാജ്യത്ത് നിരവധി സൈനിക അട്ടിമറികൾ നടന്നിട്ടുണ്ട്. 1991ൽ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയക്കാരനായ മാതിയു കെറകോ അധികാരമേറ്റതു മുതൽ ബെനീനിൽ ഭരണസ്ഥിരത നിലനിന്നിരുന്നു. 2016 മുതൽ പ്രസിഡന്റ് പാട്രിസ് ടാലോൺ ആണ് അധികാരത്തിൽ. അടുത്ത ഏപ്രിലിൽ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ് രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സൈനിക അട്ടിമറി നീക്കം നടന്നത്. പ്രതിപക്ഷ സ്ഥാനാർഥി റീനോദ് അഗ്ബോജോയെ തെരഞ്ഞെടുപ്പ് കമീഷൻ മത്സരത്തിൽനിന്ന് വിലക്കിയതോടെ പാട്രിസ് ടാലോണിന്റെ പാർട്ടി സ്ഥാനാർഥിയായ മുൻ ധനമന്ത്രി റോമൽഡ് വാഡഗ്നി അടുത്ത പ്രസിഡന്റാകാൻ സാധ്യതയേറെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.