കൈറോ: സുഡാൻ പ്രവിശ്യയായ കുർദുഫാനിൽ കിൻഡർഗാർട്ടനിൽ അർധ സൈനിക വിഭാഗം നടത്തിയ ഡ്രോൺ ആക്രമണത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. 114 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ കണക്ക്. ഇതിൽ 46 പേർ കുട്ടികളാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലോഗി പട്ടണത്തിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്.
അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും (ആർ.എസ്.എഫ്) സുഡാൻ സൈന്യവും തമ്മിൽ രണ്ടു വർഷമായി തുടരുന്ന സംഘർഷത്തിന്‍റെ തുടർച്ചയായാണ് പുതിയ ആക്രമണം. എണ്ണ സമ്പന്നമായ കുർദുഫാൻ മേഖലയിൽ സമീപനാളുകളിൽ സംഘട്ടനം അതിശക്തമാണ്. കഴിഞ്ഞ ആഴ്ചകളിൽ നിരവധി പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ഞായറാഴ്ച സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടിരുന്നു. ഇവരിലേറെയും സിവിലിയന്മാരാണ്. സുഡാനിലെ അൽഫാഷിർ മേഖലയിലേതിന് സമാനമായ മനുഷ്യഹത്യക്കാണ് കുർദുഫാനും സാക്ഷിയാകുന്നതെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾകർ ടർക് അറിയിച്ചു.
അൽഫാഷിർ ആർ.എസ്.എഫിന്റെ കൈകളിലായതിന് പിന്നാലെ ഇവിടെ അരങ്ങേറിയത് സിവിലിയൻ നരഹത്യക്ക് പുറമെ, കൂട്ടബലാത്സംഗങ്ങളും ലൈംഗിക പീഡനങ്ങളുമാണ്. 2023ൽ തുടങ്ങിയ സൈന്യവും ആർ.എസ്.എഫും തമ്മിലെ സംഘർഷങ്ങളിൽ ഇതിനകം 48,000 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഒരു കോടിയിലേറെ പേർ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.