തടവിലുള്ള ഫലസ്തീൻ നേതാവ് മർവാൻ ബർഗൂത്തിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നതായി ഫലസ്തീൻ അവകാശ സംഘടന; ക്രൂര പീഡനം നടക്കുന്നതായി മകൻ

മോചനത്തിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ വർധിക്കുന്നതിനിടെ, ജയിലിൽ കഴിയുന്ന ഫലസ്തീൻ നേതാവ് മർവാൻ ബർഗൂത്തിയെ ജയിലുകൾക്കുള്ളിൽ വധിക്കാനുള്ള ഇസ്രായേൽ പദ്ധതിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി.

‘ഫത്തഹി’ന്റെ കേന്ദ്ര കമ്മിറ്റി അംഗവും ഫലസ്തീൻ രാഷ്ട്രീയത്തിലെ പ്രമുഖനുമായ ബർഗൂത്തിയെ 2002ൽ ഇസ്രായേൽ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റത്തിന്  ശിക്ഷിക്കുകയും ചെയ്തു.  ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന അദ്ദേഹം ഇപ്പോഴും ഫലസ്തീനികൾക്കിടയിൽ ഏറെ ജനപ്രിയനാണ്.

ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സംഘടനകളും അടിയന്തരമായി ഇടപെടണമെന്നും നേതാവ് ബർഗൂത്തിയെ സന്ദർശിക്കാനും ഏകാന്തതടവിലുള്ള അദ്ദേഹത്തിന്റെ അവസ്ഥകൾ പരിശോധിക്കാനും വേഗത്തിൽ അദ്ദേഹത്തിന്റെ മോചനം ഉറപ്പാക്കാനും ജീവൻ രക്ഷിക്കാനും യഥാർഥ സമ്മർദം ചെലുത്തണമെന്നും പ്രിസണേഴ്സ് ഗ്രൂപ്പിന്റെ ഡയറക്ടർ ജനറൽ അംജദ് അൽ നജ്ജാർ പ്രസ്താവനയിൽ പറഞ്ഞു.

ജയിലിൽ അദ്ദേഹത്തിതെിരിൽ ക്രൂരമായ ആക്രമണം നടക്കുന്നതായി കുടുംബം ആരോപിച്ചു. ഇസ്രായേൽ സൈന്യം തന്റെ പിതാവിന്റെ ശരീരം തകർത്തു, പല്ലുകൾ, വാരിയെല്ലുകൾ, വിരലുകൾ എന്നിവ ഒടിച്ചു, ചെവിയുടെ ഒരു ഭാഗം ജയിലിനുള്ളിൽ മുറിച്ചു’ എന്ന് ഒരു മുൻ തടവുകാരൻ തന്നോട് പറഞ്ഞതായി മർവാന്റെ മകൻ ഖസ്സാം ബർഗൗട്ടി ഫേസ്ബുക്കിലെ ഒരു പോസ്റ്റിൽ കുറിച്ചു.

ബർഗൂത്തിയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളെയും അപകടകരമായ പ്രതികാര നടപടികളെയും ഫലസ്തീൻ പ്രസിഡൻസി അപലപിച്ചു. ഇസ്രായേൽ ഗവൺമെന്റ് അദ്ദേഹത്തിന്റെയും ഇസ്രായേലി കസ്റ്റഡിയിലുള്ള എല്ലാ തടവുകാരുടെയും സുരക്ഷക്കും പൂർണമായും നേരിട്ടും ഉത്തരവാദിയാണെന്നും പറഞ്ഞു. ഇസ്രായേലിന്റെ ക്രൂരതകൾ അവസാനിപ്പിക്കാൻ സമ്മർദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തോടും, മനുഷ്യാവകാശ സംഘടനകളോടും, റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റിയോടും അടിയന്തിരമായി പ്രവർത്തിക്കാൻ അത് ആവശ്യപ്പെട്ടു.  

ഫെബ്രുവരി 18ന്, ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ ബർഗൂത്തിയുടെ സെല്ലിലേക്ക് ഇടിച്ചുകയറി അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയതായി ഇസ്രായേലി മാധ്യമങ്ങൾ അന്ന് പുറത്തുവിട്ടിരുന്നു. 

ഗസ്സ മുനമ്പിൽ ഇസ്രായേലിന്റെ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഒരു ദ്വിരാഷ്ട്ര പരിഹാരത്തിന് ചുറ്റും ഫലസ്തീനികളെ അണിനിരത്താൻ കഴിവുള്ള വ്യക്തിയായി വിശകലന വിദഗ്ധർ ബർഗൂത്തിയെ വീക്ഷിക്കുന്നു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സർക്കാർ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അ​​ദ്ദേഹം എതിർക്കുന്നു. 

ഒക്ടോബർ 23ന്, ബർഗൂത്തിയുടെ മോചനത്തിനായി സമ്മർദം ചെലുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞെങ്കിലും പിന്നീടിതുവരെ ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല. 

Tags:    
News Summary - Palestinian rights group says Israel is planning to assassinate imprisoned Palestinian leader Marwan Barghouti; son alleges brutal torture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.