അമേരിക്കൻ ഗായികയുമായുള്ള പ്രണയം പരസ്യമാക്കി ജസ്റ്റിൻ ട്രൂഡോ; സെൽഫി ചിത്രങ്ങൾ പുറത്ത്

ഓട്ടവ: അമേരിക്കൻ ഗായിക കാത്തി പെറിയും കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തമ്മിൽ പ്രണയത്തിൽ. തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് കാത്തി പെറി ട്രൂഡോയുമായുള്ള തന്റെ ബന്ധം ഔദ്യോഗികമായി പരസ്യമാക്കിയത്. അടുത്തിടെ ഇരുവരും ജപ്പാനിലേക്ക് നടത്തിയ ട്രിപ്പിന്റെ ഫോട്ടോകളായിരുന്നു അതെല്ലാം. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ടോക്യോയിലെ സന്ദർശന സമയത്തെ ചിത്രങ്ങൾ എന്നുപറഞ്ഞാണ് കാത്തി ഇ​തെല്ലാം പങ്കുവെച്ചിരിക്കുന്നത്.

ജപ്പാൻ മുൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ഭാര്യ യൂകോയും ഒരുക്കിയ വിരുന്നിൽ പ​​ങ്കെടുക്കാൻ ട്രൂഡോയും കാത്തിയും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരുടെയും പ്രണയം പരസ്യമായത്. എക്സിൽ പങ്കുവെച്ച വിരുന്നിന്റെ ചിത്രത്തിൽ കാത്തിയെ ട്രൂഡോയുടെ പാർട്ണർ എന്നാണ് കിഷിദ പരിചയപ്പെടുത്തിയത്.

''ജപ്പാനിലെത്തിയ കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പങ്കാളിയും ഞാനും ഭാര്യയും ഒരുക്കിയ വിരുന്നിൽ പ​​ങ്കെടുത്തു. അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ മറ്റു രാഷ്ട്രനേതാക്കളെ പോലെ ഞങ്ങളും ഒരുപാട് തവണ കണ്ടുമുട്ടിയിട്ടുണ്ട്. ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഞാനും കാനഡ സന്ദർശിച്ചിട്ടുണ്ട്. ജപ്പാനും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ തരത്തിൽ ഞങ്ങളുടെ സൗഹൃദം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു''എന്നാണ് ട്രൂഡോക്കും കാത്തിക്കും വിരുന്ന് നൽകിയതിനെ കുറിച്ച് കിഷിദ എക്സിൽ കുറിച്ചത്.

ഒക്ടോബർ 25നാണ് കാത്തിയും ട്രൂഡോയും ഒന്നിച്ച് പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. കാത്തിയുടെ 41ാം പിറന്നാൾ ആഘോഷത്തിനായിരുന്നു അത്. കാനഡയിൽ വെച്ച് ഇതിനു മുമ്പും ഇരുവരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ അന്ന് ബന്ധം പരസ്യമാക്കിയിരുന്നില്ല. 

Tags:    
News Summary - Days After Trudeau's Post, Katy Perry Makes Their Relationship Instagram Official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.