പ്രതിരോധ ചെലവിൽ വൻ വർധന വരുത്താൻ നാറ്റോയിൽ ധാരണ; നീക്കം ട്രംപിന്റെ സമ്മർദത്തെതുടർന്ന്

ഹേഗ്: പ്രതിരോധ ചെലവിൽ വൻ വർധന വരുത്താൻ നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) നേതാക്കളുടെ യോഗത്തിൽ തീരുമാനം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തെതുടർന്നാണിത്. അതേസമയം, അംഗരാഷ്ട്രങ്ങളിൽ ആരെങ്കിലും ആക്രമിക്കപ്പെട്ടാൽ പരസ്പരം സഹായിക്കാനുള്ള പ്രതിബദ്ധതയും ഇവർ പങ്കുവെച്ചു.

വ്യക്തിഗതവും കൂട്ടായതുമായ ബാധ്യതകൾ നിറവേറ്റുന്നതിന് 2035 ഓടെ പ്രതിരോധ, സുരക്ഷാ സംബന്ധിയായ ചെലവുകളിൽ പ്രതിവർഷം ജി.ഡി.പിയുടെ അഞ്ച് ശതമാനം വർധിപ്പിക്കാൻ സഖ്യകക്ഷികൾ പ്രതിജ്ഞാബദ്ധരാണെന്ന അന്തിമ ഉച്ചകോടി പ്രസ്താവന 32 നേതാക്കളും അംഗീകരിച്ചു. ഒരാൾക്ക് നേരെയുള്ള ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമാണെന്ന വാദത്തിലും ധാരണയായി. ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന് സ്പെയിൻ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മറ്റുള്ളവർ എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാൽ, നിക്ഷേപ പ്രതിജ്ഞയിൽ പുരോഗതി നിരീക്ഷിക്കാനും റഷ്യ ഉയർത്തുന്ന സുരക്ഷ ഭീഷണി പരിശോധിക്കാനും 2029ലെ ചെലവ് അവലോകനം ചെയ്യാനും നിശ്ചയിച്ചു. യു.എസ്.എയും യു.കെയും കാനഡയും ഫ്രാൻസും ജർമനിയും ഉൾപ്പെടെ യൂറോപ്പിലെയും ഉത്തര അമേരിക്കയിലെയും 32 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് നാറ്റോ.

എഫ്-35എ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് ബ്രിട്ടൻ

ഹേഗ്: അണുബോംബുകൾ വഹിക്കാൻ ശേഷിയുള്ള 12 അമേരിക്കൻ നിർമിത എഫ്-35എ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് ബ്രിട്ടൻ. നാറ്റോയുടെ വ്യോമ ആണവദൗത്യത്തിൽ ചേരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നാറ്റോ സമ്മേളനത്തിനിടെ പ്രഖ്യാപിച്ചു.

തന്റെ രാജ്യത്തിന്റെ ആണവ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വിപുലീകരണമാണിതെന്ന് സ്റ്റാർമർ പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ നാറ്റോ അംഗങ്ങൾ ആണവശക്തികളാണ്.

Tags:    
News Summary - Nato agrees to ramp up defence spending

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.