മ്യാൻമർ തെരഞ്ഞെടുപ്പിൽ ​സൈന്യത്തിന്റെ പിന്തുണയുള്ള പാർട്ടിക്ക് വൻ വിജയം; സൈനിക ആക്രമണത്തിൽ 170 പേർ കൊല്ലപ്പെട്ടുവെന്ന് യു.എൻ

യാംഗൂൺ/ ന്യൂയോർക്ക്: മ്യാൻമറിൽ ആഴ്ചകൾ നീണ്ട തെരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ പിന്തുണയുള്ള യൂനിയൻ ആൻഡ് സോളിഡാരിറ്റി പാർട്ടി (യു.എസ്.ഡി.പി) വൻ വിജയം നേടിയതായി സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.

മ്യാൻമറിലെ രണ്ട് സഭകളിലും പാർട്ടി വൻ ഭൂരിപക്ഷം നേടി. ലോവർ ചേംബറിൽ 263 സീറ്റുകളിൽ 232 ഉം, അപ്പർ ചേംബറിൽ ഇതുവരെ പ്രഖ്യാപിച്ച 157 സീറ്റുകളിൽ 109 ഉം പാർട്ടി നേടിയെന്നാണ് മ്യാൻമർ മാധ്യമങ്ങൾ അവകാശപ്പെടുന്നത്.

എന്നാൽ, തെരഞ്ഞെടുപ്പ് സൈന്യത്തിന്റെ തിരക്കഥ അനുസരിച്ചാണെന്നും, ഫലം നേരത്തെ നിശ്ചയിക്കപ്പെട്ടതാണെന്നും നിരവധി രാജ്യങ്ങളും മനുഷ്യാവകാശ ഗ്രൂപ്പുകളും പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അടിച്ചമർത്തലുകൾ നടന്നുവെന്നും സൈനിക ആക്രമണങ്ങളിൽ കുറഞ്ഞത് 170 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.

വിശ്വസനീയമായ സ്രോതസുകളുടെ അടിസ്ഥാനത്തിലാണ് സിവിലിയൻ മരണങ്ങൾ കണക്കാക്കിയതെന്ന് യു.എൻ അവകാശ ഓഫിസ് പറഞ്ഞു. കൂടാതെ 2025 ഡിസംബർ മുതൽ മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് വോട്ടെടുപ്പ് നടന്ന ജനുവരി അവസാനം വരെ 408 സൈനിക വ്യോമാക്രമണങ്ങൾ നടന്നുവെന്നും യു.എൻ പറഞ്ഞു.

2021ൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആങ് സാൻ സൂചി സർക്കാറിനെ  പുറത്താക്കിയ സൈനിക അട്ടിമറിക്കുശേഷം ആദ്യമായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്. അട്ടിമറിയെത്തുടർന്ന് ആഭ്യന്തരയുദ്ധത്തിൽ മുങ്ങിയ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വോട്ടെടുപ്പ് സാധ്യമായിരുന്നില്ല.

അട്ടിമറിക്കു മുമ്പുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷം നേടിയ നാഷനൽ ലീഗ് ഫോർ ഡെമോക്രസി ഉൾപ്പെടെ പല പാർട്ടികളെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു.  സൈനിക ഭരണകൂടം അധികാരം നിലനിർത്തുന്നതിന് പാവ സർക്കാറിനെ തെരഞ്ഞെടുപ്പിലൂടെ ഉണ്ടാക്കിയെടുക്കുകയാണെന്നാണ് പ്രധാന ആരോപണം.

ഡിസംബർ 28ന് ആദ്യ റൗണ്ട് നടന്ന തെരഞ്ഞെടുപ്പിൽനിന്ന് പ്രതിപക്ഷ സ്ഥാനാർഥികളെയും ചില വംശ വിഭാഗങ്ങളെയും ഒഴിവാക്കിയെന്ന് യു.എൻ അവകാശ മേധാവി വോൾക്കർ ടർക്ക് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരിക്കുന്നതിനാലും ഓപൺ സോഴ്‌സുകളിൽ നിന്ന് ലഭിച്ച കണക്കുകളായതിനാലും തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച വിവരങ്ങൾ അപൂർണമായിരിക്കാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ എ.എഫ്‌.പി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Myanmar election: Military-backed party wins landslide victory; UN says 170 people killed in election-related violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.