ബ്രസൽസ്: ഇറാൻ റെവലൂഷനറി ഗാർഡ് ഉന്നത കമാൻഡറും മറ്റു ഉദ്യോഗസ്ഥരും ഉൾപ്പെടെ 15 ഉദ്യോഗസ്ഥർക്ക് യൂറോപ്യൻ യൂനിയൻ ഉപരോധം ഏർപ്പെടുത്തി. ഉന്നത കമാൻഡർ ഉൾപ്പെടെ 15 ഉദ്യോഗസ്ഥർക്കാണ് ഉപരോധം. ഇറാനിലെ ഓൺലൈൻ ഉള്ളടക്കം നിരീക്ഷിക്കാൻ ചുമതലപ്പെട്ടവർ ഉൾപ്പെടെ ആറ് സംഘടനകൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രക്ഷോഭം അടിച്ചമർത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ഉപരോധത്തിൽ സാമ്പത്തികമായി ഞെരുങ്ങുന്ന ഇറാന് യൂറോപ്യൻ യൂനിയന്റെ ഉപരോധം കൂടുതൽ സമ്മർദമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഭീകരസംഘടനകൾക്ക് ഏർപ്പെടുത്തിയതിന് തുല്യമായ ഉപരോധമായിരിക്കും നടപ്പാക്കുക. യൂറോപ്യൻ യൂനിയന്റെ ഉപരോധത്തിന് 27 അംഗരാജ്യങ്ങളും ഐകകണ്ഠ്യേന തീരുമാനിക്കണം.
‘റവല്യൂഷനറി ഗാർഡി’നെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ നേരത്തേ ഫ്രാൻസ് എതിർത്തിരുന്നു. ഇറാനിലുള്ള തങ്ങളുടെ പൗരന്മാരെയും നയതന്ത്രജ്ഞരെയും തടഞ്ഞുവെക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യുമെന്നായിരുന്നു ഫ്രാൻസിന്റെ ഭീതി. എന്നാൽ, ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഓഫിസ് തീരുമാനത്തെ പിന്തുണച്ചു.
അതേസമയം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണ ഭീഷണി ആവർത്തിക്കുന്നതിനിടെ അമേരിക്ക ആക്രമിച്ചാൽ ഉടൻ ശക്തമായി തിരിച്ചടിക്കാൻ സായുധസേന തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ കരാറിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് ട്രംപ് സൈനിക ആക്രമണ ഭീഷണി ഉയർത്തിയത്. ‘യു.എസ് നാലു യുദ്ധക്കപ്പലുകൾ വിന്യസിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി നിലനിന്നിരുന്നു.
ഇറാനിയൻ യു.എസ് എഴുത്തുകാരിയെ വധിക്കാൻ ശ്രമം: പ്രതിക്ക് 15 വർഷം തടവ്
ന്യൂയോർക്ക്: ഇറാനിയൻ അമേരിക്കൻ എഴുത്തുകാരിയെ വധിക്കാൻ ശ്രമിച്ചയാൾക്ക് 15 വർഷത്തെ ജയിൽശിക്ഷ വിധിച്ച് ഫെഡറൽ കോടതി. ഇറാനുവേണ്ടി വധശ്രമം നടത്തിയെന്നാണ് പ്രതിയായ കാർലൈൽ റിവേരക്കെതിരായ ആരോപണം.
മാധ്യമപ്രവർത്തക കൂടിയായ മസീഹ് അലി നെജാദിനെയും ഭർത്താവിനെയും വധിക്കാൻ 2024ലാണ് വധശ്രമമുണ്ടായത്. ഇതേതുടർന്ന് പലതവണ താമസസ്ഥലം മാറേണ്ടി വന്നതായും ഇത് മക്കളുമായി ഇടപെടുന്നതിന് തടസ്സമായെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു. അമേരിക്കൻ മണ്ണിൽ അമേരിക്കക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കണമെന്നും അവർ ആവശ്യപ്പെട്ടു. തെന്റ പ്രവൃത്തിയിൽ ഖേദിക്കുന്നതായി പ്രതി കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.