തെൽഅവീവ്: വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ എന്ന പേരിൽ 15 അംഗ സംഘത്തെ രാജ്യത്തേക്ക് ആനയിച്ച് ഇസ്രായേൽ. യൂറോപ്പും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ലോബിയിങ് നടത്തുന്ന യൂറോപ്യൻ ലീഡർഷിപ്പ് നെറ്റ്‌വർക്ക് (എൽനെറ്റ്) എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് സന്ദർശന നാടകം. നേരത്തെ വിവിധ വിവാദങ്ങളിൽ അകപ്പെട്ട, ‘ജൂതന്മാരുടെ ഇമാം’ എന്നറിയപ്പെടുന്ന ഇമാം ഹസ്സൻ ചൽഗൗമി എന്നയാളാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.
ഗസ്സ വംശഹത്യയുടെ പേരിൽ ഇസ്രായേലിനെതിരെ ലോകം മുഴുവൻ രോഷം തിളക്കുന്നതിനിടെയാണ് സംഘത്തിന്റെ സന്ദർശനം എന്നതാണ് ശ്രദ്ധേയം. യുദ്ധം 640 ദിവസം പിന്നിട്ട തിങ്കളാഴ്ച ജറൂസലമിൽ എത്തിയ ഇവർ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി. സംഘം ഒരാഴ്ച ഇവിടെ പര്യടനം നടത്തും.
അതിനിടെ, ഇസ്രായേലിനെ പുകഴ്ത്തി സംഘത്തലവൻ ഇമാം ഹസ്സൻ ചാൽഗൗമി നടത്തിയ പ്രസ്താവനക്ക് സയണിസ്റ്റ് മാധ്യമങ്ങൾ വൻ പ്രചാരണമാണ് നൽകുന്നത്. ‘ഇസ്രായേലും ഹമാസും തമ്മിലുള്ളതോ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ളതോ അല്ല യുദ്ധം. ഇത് രണ്ട് ലോകങ്ങൾ തമ്മിലുള്ള യുദ്ധമാണ്. ഇതിൽ നിങ്ങൾ (ഇസ്രായേൽ) മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്” -എന്നായിരുന്നു ചാൽഗൗമി ഇസ്രായേൽ പ്രസിഡന്റിനോട് പറഞ്ഞത്. ഗസ്സയിൽ ഹമാസ് തടവിലട്ടവരെ മോചിപ്പികകണമെന്ന് സംഘം ആവശ്യപ്പെട്ടു. നമ്മൾ എല്ലാവരും അബ്രഹാമിന്റെ മക്കളാണെന്നും ഒത്തൊരുമയോടെ ജീവിക്കുന്നത് തടയാൻ ശ്രമിക്കുന്ന തീവ്രവാദ ശക്തികൾക്കെതിരെ നിലകൊള്ളണമെന്നും ഹെർസോഗ് പ്രതികരിച്ചു.
ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ്, ബെൽജിയം, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ വിവിധ മുസ്‍ലിം നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. പ്രസിഡന്റിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം സംഘം ഇസ്രായേൽ പാർലമെന്റും പഴയ ജറുസലേം നഗരവും സന്ദർശിച്ചു. പ്രസിഡന്റിന്റെ വസതിയിൽ വെച്ച് ഖുർആൻ സൂറത്തുകൾ പാരായണം ചെയ്ത ഇവർ ഇസ്രായേലിന്റെ ദേശീയഗാനമായ ഹാതിക്വ അറബിയിൽ ആലപിച്ചതായും ജ്യൂവിഷ് ന്യൂസ് നെറ്റ്‍വർക്ക് റിപ്പോർട്ട് ചെയ്തു. ഹോളോകോസ്റ്റ് മ്യൂസിയം, ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാശനഷ്ടം നേരിട്ട തെൽഅവീവിലെ കെട്ടിടങ്ങൾ, ഇസ്രായേൽ ചീഫ് റബ്ബി ഡേവിഡ് യോസെഫ്, സിറിയൻ-ലെബനൻ അതിർത്തി, ഒക്ടോബർ 7 ന് ആക്രമണം നടന്ന സ്ഥലങ്ങൾ എന്നിവ ഇവർ സന്ദർശിക്കും.
ഫ്രാൻസിലെ തട്ടം നിരോധനത്തെ അനുകൂലിച്ച് രംഗത്തുവന്നയാളാണ് സംഘത്തലവൻ ചൽഗൗമി. ഫ്രാൻസിലെ ജൂത സംഘടനകളുമായി ഇയാൾക്കുള്ള വഴിവിട്ട ബന്ധം വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഫ്രഞ്ച് ജൂത സംഘടനയായ സി.ആർ.ഐ.എഫുയുമായി ചൽഗൗമിയുടെ സഹകരണമാണ് ’ജൂതന്മാരുടെ ഇമാം’ എന്ന ഇരട്ടപ്പേര് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.