വാഷിങ്ടണ്‍: ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ പ്രതിയായ പീഡന കേസിൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പേരുണ്ടെന്ന എക്സിലെ പോസ്റ്റ് ഇലോൺ മസ്ക് പിൻവലിച്ചു. മസ്കിനെതിരെ ശക്തമായ നടപടികളും വിമർശനങ്ങളുമായി ട്രംപ് നീങ്ങുന്നതിനിടെയാണ് മസ്ക് പോസ്റ്റ് പിൻവലിച്ചത്. തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ച് മസ്‌ക് രംഗത്ത് വന്നിരുന്നു. അതില്‍ ഏറ്റവും ഗൗരവകരമായ വിഷയമായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ സെക്സ് ടേപ്പുമായി ബന്ധപ്പെട്ട ആരോപണം.
എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്‌സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ‘ബിഗ് ബോംബ്’ എന്ന വിശേഷണത്തോടെയാണ് മസ്‌ക് ഈ പോസ്റ്റ് പങ്കുവെച്ചത്.
‘വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്സ്റ്റീന്‍ ഫയലില്‍ ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകള്‍ എത്താത്തത്. ശുഭദിനം’ -എന്നായിരുന്നു മസ്‌കിന്റെ പോസ്റ്റ്. ‘ഈ പോസ്റ്റ് കുറിച്ച് വെച്ചോളൂ, ഭാവിയില്‍ സത്യം പുറത്തുവരികതന്നെചെയ്യും’ എന്ന് മറ്റൊരു പോസ്റ്റില്‍ മസ്‌ക് കുറിച്ചു. പോസ്റ്റുകള്‍ വലിയ ചര്‍ച്ചയായതോടെ എക്സില്‍നിന്നും ഇപ്പോള്‍ ഇവ നീക്കം ചെയ്തിരിക്കുകയാണ് മസ്‌ക്.
സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മസ്‌ക് തന്റെ ആരോപണത്തില്‍നിന്ന് പിന്‍വാങ്ങിയതെന്ന് അഭ്യൂഹങ്ങളുണ്ട്. ട്രംപിനെതിരെ മസ്‌ക് രംഗത്തുവന്നതോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയടക്കം ഈ വിഷയം ഏറ്റെടുത്തിരുന്നു. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. വിവാദ വെളിപ്പെടുത്തതിന് പിന്നാലെ ടംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തെയും മസ്‌ക് പിന്തുണച്ചു.
അതേസമയം, മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയില്‍ പോകുമെന്നു കരുതുന്നില്ലെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞത്. തന്റെ ബജറ്റ് ബില്ലിനെ മസ്‌ക് വിമര്‍ശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനെ അടുത്തുനിര്‍ത്തിയായിരുന്നു പരാമര്‍ശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.