തെഹ്റാൻ: ഇറാൻ പരമോന്നതന നേതാവ് മുജ്തബ ഖാംനഈ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടേക്കുമെന്ന സൂചന നൽകി ഇറാൻ മാധ്യമങ്ങൾ. മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ അനുസ്മരണ ചടങ്ങ് അടുത്ത ആഴ്ച തെഹ്റാനിൽ നടക്കുമെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് മുജ്തബയുടെ വരവിനെക്കുറിച്ച് ചർച്ച വരുന്നത്. അറിയിപ്പ് പ്രകാരം ജൂലൈ 23 ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെയാണ് അനുസ്മരണ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. "രക്തസാക്ഷിയായ ധീരരായ ഇമാം" എന്ന പേരിലാണ് രാജ്യം ഒന്നടങ്കം ആദരവർപ്പിക്കുന്നത്.
അതേസമയം, പിതാവിന്റെ മരണശേഷം പുതിയ പരമാധികാരിയായി ചുമതലയേറ്റ മുജ്തബ ഖാംനഈ ആദ്യമായി പൊതുവേദിയിലെത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. മുജ്തബ ഖാംനഈ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇറാൻ ഭരണകൂടം ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, അദ്ദേഹം സന്നിഹിതനായേക്കുമെന്ന വ്യക്തമായ സൂചനയാണ് ഈ അനുസ്മരണ ചടങ്ങെന്നാണ് ഇറാൻ മാധ്യമങ്ങളടക്കം പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത്. ഇതിനുശേഷം ഇറാന്റെ പരമാധികാരിയായി ചുമതലയേറ്റെടുത്ത മുജ്തബ ഖാംനഈ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം, പിതാവിന്റെ ഖബറടക്കത്തിനുശേഷം മുജ്തബ ഖാംനഈ ടെലഗ്രാമിലൂടെ പുറത്തുവിട്ട ആദ്യ പ്രസ്താവനയിൽ പ്രതികാരത്തിന്റെ ശക്തമായ സന്ദേശം അടങ്ങിയിരുന്നു.
"പ്രതികാരം എന്നത് നമ്മുടെ രാജ്യത്തിന്റെ ആഗ്രഹമാണ്, അത് നടപ്പാക്കപ്പെടുക തന്നെ ചെയ്യും. അത് എന്റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ വ്യക്തിപരമായ നിലനിൽപ്പിനെ ആശ്രയിച്ചുള്ളതല്ല. ഞങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് സംഭവിച്ചിരിക്കും," എന്നായിരുന്നു മുജ്തബയുടെ വാക്കുകൾ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തനിക്കെതിരെയുള്ള വധശ്രമങ്ങളെക്കുറിച്ച് ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു മുജ്തബയുടെ ഈ പ്രസ്താവന പുറത്തുവന്നത്.
പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ടിട്ടും മുജ്തബ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡേണൾഡ് ട്രംപ് പോലും മുജ്തബയുടെ ആരോഗ്യത്തെ പരസ്യമായി ചോദ്യം ചെയ്യുകയും, ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ നയിക്കാൻ അദ്ദേഹം പൂർണ ആരോഗ്യവാനാണോ എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാൽ, മുജ്തബ പൂർണ്ണ ആരോഗ്യവാനാണെന്നും ഭരണപരമായ എല്ലാ തീരുമാനങ്ങളും അദ്ദേഹം തന്നെയാണ് കൈക്കൊള്ളുന്നതെന്നുമാണ് ഇതിന് മറുപടിയായി ഇറാന്റെ ഔദ്യോഗിക വിശദീകരണം. ഇതിനെ ശരിവെക്കുന്ന രീതിയിൽ, ശനിയാഴ്ച ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് പരമോന്നത നേതാവിന്റെ ഓഫിസിന്റെ വെബ്സൈറ്റിൽ മുജ്തബയുടെ ഒരു പുതിയ ചിത്രം പുറത്തുവിടുകയും അദ്ദേഹം 'പൂർണ ആരോഗ്യവാനായിരിക്കുന്നു' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ജൂലൈ നാല് മുതൽ ഒമ്പത് വരെ ആറ് ദിവസങ്ങളിലായി നടന്ന ഔദ്യോഗിക വിലാപയാത്രകൾക്കും ചടങ്ങുകൾക്കും ശേഷമാണ് മശ്ഹദിലെ ഇമാം റസ മഖ്ബറയിൽ അലി ഖാംനഈയുടെ മൃതദേഹം ഖബറടക്കിയത്. മേഖലയിലെ താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതിന് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളായ സാഹചര്യത്തിലാണ് തെഹ്റാനിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.