തെഹ്റാൻ: ലോകത്തെ പ്രധാന കപ്പൽ ചരക്കുപാതകളിലൊന്നായ ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. മേഖലയിൽ യു.എസ് ഇടപെടൽ അവസാനിപ്പിക്കുന്നതുവരെ ഹുർമുസ് അടച്ചിടുമെന്ന് ഇറാൻ റെവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) അറിയിച്ചു. ഹുർമുസ് അടച്ചതിനു പിന്നാലെ ഇറാനിൽ യു.എസ് വ്യോമാക്രമണം ശക്തമാക്കി. തങ്ങളുടെ നിലപാടുകളിൽനിന്ന് പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഒരിടവേളക്കുശേഷം പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായത് ഇന്ധന വില കുതിച്ചുയരാൻ കാരണമാകും. ഹുർമുസിനു പകരം അമേരിക്ക നിർദേശിക്കുന്ന ബദൽ പാതകൾ ഉപയോഗിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അനുവാദമില്ലാതെ ബദൽ പാതയിലൂടെ ഹുർമുസ് കടക്കാൻ ഒരു കപ്പൽ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹുർമുസ് കടലിടുക്ക് അടച്ചതായി ഐ.ആർ.ജി.സി പ്രഖ്യാപിച്ചത്. ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ച് സുമദ്ര സുരക്ഷയെ അപകടത്തിലാക്കിക്കൊണ്ട് നീങ്ങിയ കപ്പൽ ആക്രമിക്കുകയും തടയുകയും ചെയ്തെന്ന് ഐ.ആർ.ജി.സി നാവികസേന അറിയിച്ചു. സൈപ്രസ് പതാക വഹിച്ച ഒരു ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടാവുകയും കപ്പലിന്‍റെ എൻജിൻ റൂമിന് തീപിടിക്കുകയും ചെയ്തതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
കപ്പൽ ആക്രമണത്തിന് പിന്നാലെ തെക്കൻ ഇറാനിലെ പ്രമുഖ നഗരങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് അമേരിക്ക വ്യാപകമായ വ്യോമാക്രമണം നടത്തി. ബന്ദർ അബ്ബാസ്, ബുഷഹർ, ചബഹർ, കിഷ് ദ്വീപ്, സിറിക്ക് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് യു.എസ് ശക്തമായ ബോംബാക്രമണം നടത്തിയത്. ഈ ആഴ്ച ഇറാനുനേരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവുപ്രകാരമാണ് പുതിയ ആക്രമണമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ സ്വീകരിക്കുന്നത് തെറ്റായ തെരഞ്ഞെടുപ്പാണെന്നും അതിന് വലിയ വില നൽകേണ്ടിവരുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പ്രതികരിച്ചു. അമേരിക്കൻ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു.
ഹുർമുസ് കടലിടുക്ക് തുറന്നിരിക്കുന്നുവെന്നും കപ്പലുകളെ ആക്രമിക്കില്ലെന്നുമുള്ള പരസ്യ പ്രസ്താവന നടത്താൻ ഇറാനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. തെഹ്റാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഹുർമുസ് തങ്ങളുടെ നിയന്ത്രണത്തിൽ തുടരുമെന്നും ഫീസ് ഈടാക്കാൻ അവകാശമുണ്ടെന്നുമാണ് ഇറാൻ നിലപാട്. അതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി നയതന്ത്ര ചർച്ചകൾക്കായി ശനിയാഴ്ച ഒമാനിലെത്തി. ഇടക്കാല ധാരണകൾ അട്ടിമറിച്ച് അമേരിക്കയാണ് വെടിനിർത്തൽ അവതാളത്തിലാക്കിയതെന്ന് അറാഗ്ചി പറഞ്ഞു. ധാരണ പത്രത്തിലെ ഒമ്പതാം പാരഗ്രാഫ് ഇറാൻ ലംഘിച്ചുവെന്ന യു.എസ് ട്രഷറി സെക്രട്ടറിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മറ്റു വ്യവസ്ഥകൾ യു.എസ് ലംഘിച്ചതുകൊണ്ടാണ് ഇറാൻ കടുത്ത നടപടി സ്വീകരിച്ചതെന്നും അറാഗ്ചി കൂട്ടിച്ചേർത്തു.
ഇസ്‍ലാമാബാദ്: ഇറാൻ, അമേരിക്ക രാഷ്ട്രനേതാക്കളുടെ പോർവിളി തുറന്ന യുദ്ധഭീഷണി മുഴക്കുന്നതിനിടെ സമാധാന ശ്രമം തുടർന്ന് പാകിസ്താനും ഖത്തറും. പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനെയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെയും ഫോണിൽ വിളിച്ചു. നേരത്തെ പാകിസ്താനും ഖത്തറും മുൻകൈയെടുത്ത് നടത്തിയ ചർച്ചയിലാണ് ഇറാനും യു.എസും വെടിനിർത്തലിന് ധാരണയായത്. ധാരണപത്രം പൂർണമായി പാലിക്കാൻ ഇറാനും അമേരിക്കയും തയാറാകണമെന്നും പ്രകോപനം ഒഴിവാക്കണമെന്നും ശഹബാസ് ശരീഫ് ആവശ്യപ്പെട്ടു. ഖത്തർ നയതന്ത്ര പ്രതിനിധികൾ ചർച്ചകൾക്കായി ഇറാനിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.