ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ലാറ്റിൻ സാൽസ ഓൺ സെന്റ് ക്ലെയർ സ്ട്രീറ്റ് ഫെസ്റ്റിവലിനിടെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 8.12ഓടെ ടൊറന്റോയിലെ സെന്റ് ക്ലെയർ അവന്യൂ വെസ്റ്റിൽ ആയിരങ്ങൾ പങ്കെടുത്ത ആഘോഷത്തിനിടെയാണ് സംഭവം.
വെടിവെപ്പ് നടന്നതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തി പടർന്നു. ആളുകൾ വിവിധ ഭാഗങ്ങളിലേക്ക് ഓടി. വിവരം ലഭിച്ചതിനെ തുടർന്ന് ടൊറന്റോ പൊലീസും പാരാമെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
പരിക്കേറ്റ ആറുപേരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കൂടാതെ ദൃക്സാക്ഷികളുടെ മൊഴികളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു
വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ആസൂത്രിത ആക്രമണമാണോ, വ്യക്തിപരമായ വൈരാഗ്യമാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ലാറ്റിൻ അമേരിക്കൻ സംഗീതം, നൃത്തം, ഭക്ഷണം, സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ ശ്രദ്ധേയമായ സാൽസ ഓൺ സെന്റ് ക്ലെയർ ഫെസ്റ്റിവലിൽ വർഷംതോറും ലക്ഷക്കണക്കിന് സന്ദർശകരാണെത്തുന്നത്. സംഭവത്തെ തുടർന്ന് പ്രദേശം പൊലീസ് സുരക്ഷാവലയത്തിലാക്കി. ദയവായി ആ പ്രദേശത്തേക്ക് സഞ്ചരിക്കരുതെന്നും പൊലീസിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണമെന്നും ടൊറന്റോ പൊലീസ് എക്സ് പോസ്റ്റിലൂടെ അഭ്യർഥിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ടൊറന്റോ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.