മണിദീപ് റെഡ്ഢി
ഹെൽസിങ്കി: ഫിൻലൻഡിൽ രണ്ട് മാസത്തിലേറെയായി കാണാതായ ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ലപീൻരാന്ത-ലാഹ്തി സാങ്കേതിക സർവകലാശാലയിലെ (എൽ.യു.ടി) സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് എൻജിനീയറിങ് ബിരുദ വിദ്യാർഥിയായ മണിദീപ് റെഡ്ഢി (18) യുടെ മൃതദേഹമാണ് തലസ്ഥാനമായ ഹെൽസിങ്കിയിലെ കടൽതീരത്തുനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ മേയ് അഞ്ച് മുതലാണ് മണിദീപിനെ കാണാതായത്.
വ്യാഴാഴ്ച അധികൃതർ നടത്തിയ തിരച്ചിലിനിടെയാണ് കടലിൽനിന്ന് മൃതദേഹം കണ്ടെടുത്തതെന്ന് ഫിൻലൻഡ് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. മൃതദേഹത്തിൽനിന്ന് ലഭിച്ച ഫിന്നിഷ് ഐഡന്റിറ്റി കാർഡ്, മാതാവിന്റെ ബാങ്ക് കാർഡ്, ഇന്ത്യൻ കറൻസി എന്നിവയടങ്ങിയ വാലറ്റാണ് മരിച്ചത് മണിദീപ് തന്നെയാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത്. മരണത്തിൽ മറ്റാരും ഉൾപ്പെട്ടതായി സംശയിക്കുന്നില്ലെന്നും നാഷനൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മരണകാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
മണിദീപിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം ആരോപിച്ചു. നിഗൂഢതയായി ബാങ്ക് ഇടപാടുകളും സർവകലാശാല ലോഗിനും കാണാതാകുന്നതിന് തൊട്ടുമുമ്പ് മണിദീപ് അമ്മയോട് സംസാരിക്കുകയും അക്കൗണ്ടിലേക്ക് 6,000 രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം അക്കൗണ്ടിലെത്തിയെങ്കിലും പിന്നീട് ഇത് പിൻവലിച്ചിട്ടില്ല. മേയ് 5ന് രാത്രി ഹെൽസിങ്കിയിലെ ഒരു സൂപ്പർമാർക്കറ്റിലാണ് മണിദീപിനെ അവസാനമായി കണ്ടത്. എന്നാൽ, വിദ്യാർഥിയെ കാണാതായതിന് ശേഷവും മേയ് 9, 10 തീയതികളിൽ ഇയാളുടെ യൂണിവേഴ്സിറ്റി അക്കൗണ്ട് ലോഗിൻ ചെയ്യപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ഏത് ഉപകരണത്തിൽ നിന്നും ഐ.പി വിലാസത്തിൽ നിന്നുമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.
മകനെ തിരഞ്ഞുപോകാൻ മാതാപിതാക്കൾ ഫിൻലൻഡ് വിസയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും അധികൃതർ അത് നിരസിക്കുകയായിരുന്നു. മതിയായ സാമ്പത്തിക സ്രോതസ്സ് തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിസ നിഷേധിച്ചതെന്ന് കുടുംബം കഴിഞ്ഞ മാസം തെലങ്കാന ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ സമഗ്രമായ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.