യു.എ.ഇയുടെ കിഴക്കൻ തീരത്ത് ഖോർഫുക്കാനിൽ ഹുർമുസ് കടലിടുക്കിന് സമീപം സഞ്ചരിക്കുന്ന കപ്പലിന്റെ വിഡിയോ ചിത്രത്തിൽ നിന്ന്. ഹുർമുസ് അടച്ചെന്ന് ഇറാൻ അറിയിച്ചിരുന്നു
തെഹ്റാൻ: ഒരാഴ്ചക്കിടെ മൂന്നാം തവണയും യു.എസ് ആക്രമണം നടത്തിയതോടെ ലോകത്തെ പ്രധാന ചരക്കുപാതയായ ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. മേഖലയിൽ യു.എസ് നടത്തുന്ന ഇടപെടൽ അവസാനിപ്പിക്കാതെ ഹുർമുസ് തുറക്കില്ലെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി) വ്യക്തമാക്കി.
പിന്നാലെ ഇറാനിലെ 140 സ്ഥലങ്ങളിൽ യു.എസ് ബോംബാക്രമണം ശക്തമാക്കി. വടക്കൻ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിറിക്ക്, ചബഹർ, ജസ്ക്, അസാലുയി, ബുഷഹർ, ക്വിഷ് ദ്വീപ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണം കനപ്പിച്ചത്. ആക്രമണത്തിൽ ഇറാന്റെ ഒരു നാവികസേന ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.എസ് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫിലെ യു.എസ് കേന്ദ്രങ്ങളിൽ ഇറാൻ ശക്തമായ പ്രത്യാക്രമണവും നടത്തി.
ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ യു.എസ് സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഖത്തറും കുവൈത്തും ആക്രമണങ്ങൾ പ്രതിരോധിച്ചതായി അവകാശപ്പെട്ടു. ഒമാന്റെ ദുഖം തുറമുഖത്തിനും ഖത്തറിലെ വ്യോമതാവളത്തിനും നേരെ ഇറാന്റെ ആക്രമണങ്ങൾ നടന്നതായി അതത് രാജ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായി. 11 ഇന്ത്യക്കാരാണ് സൈപ്രസ് പതാകയേന്തിയ ചരക്കു കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു.
സിവിലിയൻ കപ്പലുകൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അതിനിടെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടർന്ന് പാകിസ്താനും ഖത്തറും. പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനെയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെയും ഫോണിൽ വിളിച്ചു. നിലവിലെ ധാരണപത്രം പൂർണമായും പാലിക്കാൻ ഇറാനും അമേരിക്കയും തയാറാകണമെന്നും പ്രകോപനം ഒഴിവാക്കണമെന്നും ശഹബാസ് ശരീഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.