മാപുട്ടോ: മൊസാംബിക്കിന്റെ തലസ്ഥാനമായ മാപുട്ടോയിലെ ജയിലിലുണ്ടായ കലാപത്തിൽ 33 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് ജനറൽ കമാൻഡർ ബെർണാർഡിനോ റാഫേൽ. ഒക്ടോബറിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആഭ്യന്തര കലാപം തുടരുന്നതിനിടെയാണ് സംഭവം.
ദീർഘകാലമായി ഭരിക്കുന്ന പാർട്ടിയായ ഫ്രെലിമോ തെരഞ്ഞെടുപ്പിൽ വിജയിച്ചതായി മൊസാംബിക്കിലെ സുപ്രീം കോടതി തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാൽ വോട്ടിൽ കൃത്രിമം നടന്നതായി ആരോപിക്കുന്ന പ്രതിപക്ഷ ഗ്രൂപ്പുകളുടെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് സുപ്രീംകോടതിയുടെ ഈ തീരുമാനം കാരണമാവുകയായിരുന്നു.
കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ വ്യക്തമല്ല. ജയിലിന് പുറത്തുള്ള പ്രതിഷേധങ്ങൾ കലാപത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് റാഫേൽ കുറ്റപ്പെടുത്തി. അടുത്ത 48 മണിക്കൂറിനുള്ളിൽ കുറ്റകൃത്യങ്ങളിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജയിലിനുള്ളിലുള്ള പ്രശ്നങ്ങൾക്ക് പുറത്തുള്ള പ്രതിഷേധങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് നീതിന്യായ മന്ത്രി ഹെലേന കിഡ പ്രാദേശിക മാധ്യമത്തോട് പറഞ്ഞത്.
കലാപത്തിൽ 21 ഓളം പേർ കൊല്ലപ്പെട്ടതായി മൊസാംബിക് ആഭ്യന്തര മന്ത്രി ചൊവ്വാഴ്ച പറഞ്ഞു. അതേസമയം കലാപം ആരംഭിച്ചതിന് ശേഷം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 130 ഓളം പേർ കൊല്ലപ്പെട്ടതായി സിവിൽ സൊസൈറ്റി മോണിറ്ററിങ് ഗ്രൂപ്പായ പ്ലാറ്റഫോർമ ഡിസൈഡ് പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.