തെൽ അവീവ്: ബന്ദികളുടെ മോചനത്തിന് പുതിയ കരാറുണ്ടാക്കാൻ ഇസ്രായേൽ ചാരസംഘടനായ മൊസാദിന്‍റെ തലവൻ ഖത്തർ പ്രധാനമന്ത്രിയുമായും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്റുമായും കൂടിക്കാഴ്ച നടത്തും.
പോളണ്ട് തലസ്ഥാനമായ വാർസയിൽ വെച്ചായിരിക്കും മൊസാദ് തലവൻ ഡേവിഡ് ബാർനിയ ഇരുവരുമായും കൂടിക്കാഴ്ച നടത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. ഹമാസ് ബന്ദികളാക്കിയവരിൽ മൂന്നുപേരെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയത് ഇസ്രായേലിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സൈനിക നീക്കത്തിലൂടെ ബന്ദി മോചനം അസാധ്യമാണെന്ന തിരിച്ചറിവാണ് ഇസ്രായേലിനെ വീണ്ടും ചർച്ചയിലേക്ക് നയിച്ചത്.
എന്നാൽ, ഇനിയൊരു ബന്ദി മോചന കരാർ ആദ്യത്തേക്കാൾ സങ്കീർണവും ശ്രമകരവുമായിരിക്കുമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ട ബന്ദി മോചന കരാറിൽ ഖത്തറായിരുന്ന പ്രധാന ഇടനിലക്കാർ. അന്ന് ഹമാസിന്‍റെ കൈയിലുള്ള 105 ബന്ദികളെയാണ് മോചിപ്പിച്ചത്. 81 ഇസ്രായേലികളും 23 തായ്‍ലൻഡ് സ്വദേശികളെയും ഒരു ഫിലിപ്പൈൻ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. പകരം ഇസ്രായേലിന്‍റെ ജയിലുകളിൽ കഴിഞ്ഞിരുന്ന 240 ഫലസ്തീനികളെയും വിട്ടയച്ചു.
സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമായിരുന്നു ഇതിൽ ഭൂരിഭാഗവും. 129 പേർ ഇനിയും ഹമാസിന്‍റെ കൈയിൽ ബന്ദികളായുണ്ടെന്നാണ് വിവരം. ഇതിനിടെ ഹമാസുമായുള്ള കരയുദ്ധത്തിൽ അഞ്ചു ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ച സൈനികരുടെ എണ്ണം 127 ആയി. തെക്കൻ ഗസ്സയിൽ ഹമാസുമായുള്ള പോരാട്ടത്തിനിടെയാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഐ.ഡി.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.