ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും എല്ലാ തടവുകാരെയും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധിക്കുന്നു
തെൽ അവിവ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ അടിയന്തരമായി അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ട്രംപിന് മുൻ രഹസ്യാന്വേഷണ മേധാവികളടക്കം വിരമിച്ച 600 മുതിർന്ന ഉദ്യോഗസ്ഥരുടെ കത്ത്.
ഹമാസ് ഇസ്രായേലിന് ഭീഷണിയല്ലാത്തവിധം ദുർബലമായി കഴിഞ്ഞെന്നും ഇസ്രായേലികൾക്ക് വിശ്വാസമുള്ളയാളെന്ന നിലക്ക് യുദ്ധം നിർത്തി ബന്ദികളുടെ മോചനം ഉറപ്പാക്കാനും മഹാദുരിതം അവസാനിപ്പിക്കാനും ഇടപെടണമെന്നാണ് ആവശ്യം. ഗസ്സയിൽ ബന്ദി മോചനത്തിന് സൈനിക നീക്കം കൂടുതൽ ശക്തമാക്കാൻ നെതന്യാഹു ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കത്ത്. ഗസ്സ ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പുവരുത്തും വരെ യുദ്ധം തുടരുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു അടിയന്തര മന്ത്രിസഭ യോഗം വിളിച്ചിരുന്നു.
മുൻ മൊസാദ് തലവൻ താമിർ പാർഡോ, ഷിൻ ബെത് മേധാവി ആമി അലാലോൺ, മുൻ പ്രധാനമന്ത്രി ഇഹുദ് ബാരക്, മുൻ പ്രതിരോധമന്ത്രി മോഷെ യാലോൺ തുടങ്ങിയവർ ഒപ്പുവെച്ചവരിൽ പെടും. ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെത് മുൻ മേധാവികളായ നദാവ് അർഗാമാൻ, യോറാം കൊഹെൻ, യാകോവ് പെരി, കാർമി ഗിലോൺ, മൂന്ന് മുൻ സൈനിക മേധാവികൾ എന്നിവരും ഇവരിലുണ്ട്. ഹമാസ് പിടിയിലുള്ള ഇസ്രായേൽ ബന്ദികളുടെ സ്ഥിതിയും കത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഭക്ഷണം കിട്ടാതെ മെലിഞ്ഞൊട്ടിയ ബന്ദികളുടെ വിഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. 50 ബന്ദികളാണ് നിലവിൽ ഹമാസ് നിയന്ത്രണത്തിലുള്ളത്. ഇവരിൽ എത്രപേർ ജീവനോടെയുണ്ടെന്ന് വ്യക്തമല്ല.
ആഗോള സമ്മർദം ശക്തമായിട്ടും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്ന പിന്തുണയാണ് നെതന്യാഹുവിന് കൂടുതൽ ആക്രമണങ്ങൾക്ക് പ്രോത്സാഹനമാകുന്നത്. ശരാശരി 600 ട്രക്ക് ഭക്ഷണം ആവശ്യമായ ഗസ്സയിൽ ചുരുക്കം വാഹനങ്ങളാണ് ദിവസവും അനുവദിക്കുന്നത്. ഇത് വാങ്ങാനെത്തുന്നവർക്കു നേരെ വെടിവെപ്പും തുടർക്കഥയാണ്. ആയിരത്തിലേറെ പേരാണ് ഇങ്ങനെ ഭക്ഷണം കാത്തുനിൽക്കെ ഇസ്രായേൽ സേന കൊലപ്പെടുത്തിയത്.
അതേസമയം, പട്ടിണി രൂക്ഷമായ ഗസ്സയിൽ അഞ്ചുപേർ കൂടി ഇന്നലെ മരണത്തിന് കീഴടങ്ങി. ഇതോടെ മരണപ്പെട്ടവർ 93 കുട്ടികളടക്കം 180 ആയി. കഴിഞ്ഞ ദിവസം വ്യോമമാർഗം താഴേക്കിട്ട ഭക്ഷണക്കിറ്റ് തമ്പിനു മുകളിൽ വീണ് യുവാവ് മരിച്ചിരുന്നു. 60,000ലേറെ പേർ കൊല്ലപ്പെട്ട ഗസ്സയിൽ ഓരോ നാളിലും നിരവധി പേരെയാണ് ഇസ്രായേൽ സേന വെടിവെച്ചും ബോംബിട്ടും വധിക്കുന്നത്.
ഞായറാഴ്ച ഗസ്സയിലെ ഖാൻ യൂനുസിൽ നാസർ ആശുപത്രിയിൽ മാത്രം എത്തിയത് 38 മൃതദേഹങ്ങളാണ്. ഇവരടക്കം 56 പേരാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഭക്ഷണം നിഷേധിക്കുന്നതുമൂലം പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്.
അതിനിടെ, ഇസ്രായേലി ബന്ദികൾക്ക് റെഡ്ക്രോസ് വഴി ഭക്ഷണവിതരണം അനുവദിക്കാമെന്നും പകരം ഫലസ്തീനികൾക്ക് അതിർത്തി തുറന്നുകൊടുക്കണമെന്നും ഹമാസ് അറിയിച്ചു. 22,000 സഹായട്രക്കുകളാണ് ഗസ്സക്ക് പുറത്ത് അനുമതി കാത്ത് കഴിയുന്നത്. ശരാശരി 84 ട്രക്കുകളാണ് ഒരുദിനം അതിർത്തി കടക്കുന്നത്. ഗസ്സയിൽ കൊടുംപട്ടിണിയാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.