പ്രതീകാത്മക ചിത്രം

യു.എൻ കരാർ: ധാന്യങ്ങളുമായി യുക്രെയ്നിൽനിന്ന് കൂടുതൽ ചരക്കുകപ്പലുകൾ പുറപ്പെട്ടു

കിയവ്: യുക്രെയ്നിൽനിന്ന് വീണ്ടും ധാന്യം കയറ്റിയ ചരക്കുകപ്പലുകൾ പുറപ്പെട്ടു. യു.എന്നും തുർക്കിയും മുൻകൈയെടുത്ത് ഒപ്പുവെച്ച കരാറിന്റെ തുടർച്ചയായാണ് വിവിധ രാജ്യങ്ങളിലേക്ക് ധാന്യ കയറ്റുമതി സജീവമായത്. വെള്ളിയാഴ്ച രണ്ട് കപ്പലുകൾ കോർണോമോർസ്ക് തുറമുഖത്തുനിന്നും ഒന്ന് ഒഡേസയിൽനിന്നും പുറപ്പെട്ടു. 58,000 ടൺ ധാന്യമാണ് മൂന്ന് കപ്പലുകളിലുമായുള്ളതെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാനമ പതാകയുള്ള നാവിസ്റ്റാർ കപ്പൽ 30,000 ടൺ ധാന്യവുമായി അയർലാൻഡിലേക്കും മാൾട്ട പതാകയുള്ള റോജൻ 13,000 ടണ്ണുമായി യു.കെയിലേക്കുമാണ് തിരിച്ചത്. മൂന്നാം കപ്പലായ തുർക്കിയുടെ പോളാർനെറ്റ് 12,000 ടണ്ണുമായി തുർക്കിയിലെ കറാസു തുറമുഖത്തും എത്തും. അഞ്ചുമാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദ്യമായി കരിങ്കടൽവഴി യുക്രെയ്നിൽനിന്ന് ധാന്യ കയറ്റുമതി പുനരാരംഭിച്ചത്. ലോകത്ത് മൊത്തം ഉപയോഗിക്കുന്ന ഗോതമ്പിന്റെ മൂന്നിലൊന്നും വിളയുന്നത് റഷ്യ, യുക്രെയ്ൻ രാജ്യങ്ങളിലാണ്. യൂറോപ്പിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാഷ്ട്രം റഷ്യയും. യുക്രെയ്ൻ അധിനിവേശത്തെതുടർന്ന് രണ്ടു രാജ്യങ്ങളിൽനിന്നും കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നു.

റഷ്യക്ക് വിവിധ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയപ്പോൾ യുക്രെയ്നിൽനിന്നുള്ള ചരക്കുകടത്ത് റഷ്യയും വിലക്കി. നീണ്ട ചർച്ചകൾക്കൊടുവിൽ യുക്രെയ്നിൽനിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ റഷ്യ അനുമതി നൽകുകയായിരുന്നു. അതേസമയം, ധാന്യങ്ങൾക്കൊപ്പം മറ്റു വസ്തുക്കളുടെ കയറ്റുമതി കൂടി അനുവദിക്കണമെന്നാണ് യുക്രെയ്ന്റെ ആവശ്യം.

അതിനിടെ, സ്കൂളുകളും ആശുപത്രികളും സൈനികത്താവളങ്ങളായി ഉപയോഗിക്കുന്ന യുക്രെയ്ൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ആംനസ്റ്റി രംഗത്തുവന്നു. ഇത് സിവിലിയൻമാരുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്ന് സംഘടന കുറ്റപ്പെടുത്തി.

14 ബൾഗേറിയൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ റഷ്യ

കഴിഞ്ഞ ദിവസം 70 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ ബൾഗേറിയക്ക് തിരിച്ചടിയായി റഷ്യയിലുള്ള 14 ബൾഗേറിയൻ ഉദ്യോഗസ്ഥരോടും രാജ്യം വിടാൻ ആവശ്യപ്പെട്ടു.

Tags:    
News Summary - more ships with grain depart Ukraine ports under UN deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.