മുജ്തബ ഖാംനഈ
മുജ്തബ ഖാംനഈ ചികിത്സയിൽ കഴിഞ്ഞ ആശുപത്രി യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു, പുറത്തെടുത്തത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന്; നിർണായക വെളിപ്പെടുത്തൽ
തെഹ്റാൻ: യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെ രക്ഷപ്പെടുത്തിയതെന്ന് വെളിപ്പെടുത്തൽ. നേരത്തെയുള്ള ആക്രമണത്തിൽ പരിക്കേറ്റ മുജ്തബ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഈ ആശുപത്രിയും യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ തകർന്നതെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഖത്തർ ആസ്ഥാനമായ അൽ അറബി ടെലിവിഷന് നൽകിയ അഭിമുഖത്തിനിടെ ഇറാൻ അസംബ്ലി ഓഫ് എക്സ്പേർട്സ് അംഗം മുഹ്സിൻ ഹൈദരിയാണ് ഖാംനഈയുടെ ആശുപത്രിവാസവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. പരിക്കേറ്റതിനെ തുടർന്ന് ഖാംനഈയെ ആശുപത്രിയിലെത്തിച്ച ശേഷവും തെഹ്‌റാനിലെ മൂന്ന് ആശുപത്രികൾക്ക് നേരെ ബോംബാക്രമണമുണ്ടായതായി ഹൈദരി പറഞ്ഞു. മൂന്നാമത്തെ ആശുപത്രിയിലായിരുന്നു മുജ്തബ ഖാംനഈ ഉണ്ടായിരുന്നതെന്നും അവിടെയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് അദ്ദേഹത്തെ പുറത്തെടുത്തതെന്നും ഹൈദരി വ്യക്തമാക്കി. സംഭവത്തിന് ശേഷം 56കാരനായ മുജ്തബയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതയായും പിന്നീട് അദ്ദേഹത്തെ പൊതുവേദികളിൽ കാണുകയോ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇതോടൊപ്പം ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ തെരഞ്ഞെടുത്ത നടപടിക്രമങ്ങളെക്കുറിച്ചും ഹൈദരി അഭിമുഖത്തിൽ വിശദീകരിച്ചു. മാർച്ച് എട്ടിനായിരുന്നു അസംബ്ലി ഓഫ് എക്സ്പേർട്സ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. എന്നാൽ തന്റെ പേര് നേതാവായി പ്രഖ്യാപിക്കുന്നതുവരെ മുജ്തബ ഖാംനഈക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നാണ് ഹൈദരി പറയുന്നത്. ഇറാൻ സ്റ്റേറ്റ് ടെലിവിഷനിൽ പ്രഖ്യാപനം സംപ്രേഷണം ചെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിഞ്ഞതെന്നും ഹൈദരി വ്യക്തമാക്കി.
എന്നാൽ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ നടക്കുന്നതിനിടെ അസംബ്ലിയുടെ ഖൂമിലെ സെക്രട്ടേറിയറ്റിനും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായും പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ശിപാർശകളും നശിച്ചതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
തുടർന്ന് അസംബ്ലി അംഗങ്ങൾ പേപ്പറിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി രഹസ്യ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ഹൈദരി പറഞ്ഞു. ഖാംനഈ ആരോഗ്യവാനാണെന്നും രാജ്യത്തെ നയിക്കാൻ ശേഷിയുള്ളയാളാണെന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പേര് പരിഗണിച്ചതെന്നും ഹൈദരി വിശദീകരിച്ചു. മതപരമായ യോഗ്യത, നീതി, രാജ്യത്തെ കാര്യക്ഷമമായി നയിക്കാനുള്ള കഴിവ് തുടങ്ങിയ മാനദണ്ഡങ്ങൾ അദ്ദേഹം പാലിക്കുന്നുണ്ടെന്നും അസംബ്ലി വിലയിരുത്തിയതായി ഹൈദരി പറഞ്ഞു.
59 അംഗങ്ങളുണ്ടായിരുന്ന യോഗത്തിൽ മുജ്തബ ഖാംനഈക്ക് 50 വോട്ടുകൾ ലഭിച്ചതായാണ് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട്. ആയത്തുല്ല അൽറിസാ അറാഫിക്ക് എട്ട് വോട്ടുകളും ഒരംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. പരമോന്നത നേതാവാകുന്നതിന് മുമ്പ് ഇറാൻ ഭരണകൂടത്തിൽ മുജ്തബ ഔദ്യോഗിക രാഷ്ട്രീയ പദവിയൊന്നും വഹിച്ചിരുന്നില്ലെന്നും ഹൈദരി പറഞ്ഞു. എന്നാൽ പിതാവിന്റെ ഉപദേഷ്ടാവായി അദ്ദേഹം പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പൊതുരംഗത്ത് വലിയ സാന്നിധ്യമില്ലാതിരുന്ന അദ്ദേഹത്തെ ഹൈദരി ‘നിഴലിലെ മനുഷ്യൻ’ എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, നേരത്തെ നടന്ന ആക്രമണങ്ങളിൽ മുജ്തബ ഖാംനഈക്ക് ഗുരുതരമായി പരിക്കേറ്റതായുള്ള അഭ്യൂഹങ്ങൾ തുടരുകയാണ്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തിൽ അദ്ദേഹത്തിന്റെ ശരീരത്തിന് ഗുരുതരമായി പരിക്കേറ്റതായും മുഖത്തിന്റെ രൂപത്തിലും മാറ്റമുണ്ടായതായും സൂചനകളുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എന്നാൽ മുജ്തബ ഖാംനഈ പൂർണ ആരോഗ്യവാനാണെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഈ ആഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കഴിഞ്ഞ മാസം ഇരുവരും തമ്മിൽ ഏകദേശം ഏഴ് മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്നും ആ സമയത്ത് ഇരുവരും ചർച്ചകൾ നടത്തിയെന്നും പെസെഷ്കിയാൻ പറഞ്ഞു.
നിലവിൽ മുജ്തബ ഖാംനഈയുടെ ആരോഗ്യനിലയെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അദ്ദേഹം എവിടെയാണെന്ന കാര്യത്തിലും വ്യക്തതയില്ല. ഇറാന്റെ പരമോന്നത നേതാവിന്റെ പൊതുസാന്നിധ്യം ഇല്ലാതായതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയും സുരക്ഷയും സംബന്ധിച്ച അഭ്യൂഹങ്ങളും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.