`ഇസ്രായേൽ കരാറുകൾ ലംഘിക്കുന്നു'; ഖത്തർ പ്രധാനമന്ത്രി
ദോഹ: ഗസ്സ വിഷയം ഉൾപ്പെടെ മേഖലയിലെ ക്രമസമാധാന പ്രശ്നങ്ങളിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. ശറമുശൈഖ് കരാർ നിബന്ധനകൾ ഇസ്രായേൽ ലംഘിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
തുടർച്ചയായ സൈനിക നടപടികളും മാനുഷിക സഹായങ്ങൾക്ക് തടസ്സങ്ങൾ ഏർപ്പെടുത്തുന്നതും വെടിനിർത്തൽ പ്രക്രിയയെ ദുർബലപ്പെടുത്തുമെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിലേക്ക് അടിയന്തര സഹായമായി പ്രതിദിനം ശരാശരി 600 ട്രക്ക് എങ്കിലും എത്തേണ്ടതുണ്ട്, നിലവിൽ കേവലം 150 ട്രക്കുകൾ മാത്രമാണ് കടത്തിവിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമാസിന് ഖത്തർ സാമ്പത്തിക സഹായം നൽകുന്നുവെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. ഇത്തരം പ്രചാരണങ്ങൾ വസ്‌തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്.
ഐക്യരാഷ്ട്രസഭയുടെയും ഇസ്രായേലി അധികൃതരുടെയും അറിവോടെയാണ് ഖത്തറിന്റെ സഹായം ഗസ്സയിൽ എത്തിക്കുന്നത്. യു.എന്നിന്റെയും ഇസ്രായേൽ സർക്കാറിന്റെയും മേൽനോട്ടമില്ലാതെ ഒരു സഹായവും ഗസ്സയിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ രാഷ്ട്രീയ പരാജയങ്ങൾ മറച്ചുവെക്കാൻ ഇസ്രായേൽ സർക്കാർ ഖത്തറിനെ ബലിയാടാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് ഖത്തർ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്നാൽ, പ്രദേശത്ത് അസ്ഥിരത സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർ ഖത്തറിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.