ദക്ഷിണാഫ്രിക്കയിൽ രണ്ടിടത്ത് കൂട്ടവെടിവെപ്പ്; 27 പേർ കൊല്ലപ്പെട്ടു, 26 പേർക്ക് പരിക്ക്
ദക്ഷിണാഫ്രിക്കയിൽ ജൊഹാനസ്ബർഗ്, കേപ്ടൗൺ എന്നിവിടങ്ങളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൂട്ടവെടിവെപ്പ്. 27 പേർ കൊല്ലപ്പെട്ടു, 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം ജൊഹാനസ്ബർഗിന് സമീപമുള്ള ഒരു ബാറിലാണ് ആദ്യ ആക്രമണമുണ്ടായത്. എട്ടംഗ സംഘം ബാറിന് പുറത്തും അകത്തും നിന്നിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 13 പുരുഷന്മാരും 4 സ്ത്രീകളും ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അക്രമികൾ രണ്ട് വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസമുണ്ടായ ഒരു കൊലപാതകത്തിന് പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് ഡെപ്യൂട്ടി പ്രൊവിൻഷ്യൽ പോലീസ് കമ്മീഷണർ മേജർ ജനറൽ ഫ്രെഡ് കെകാന വ്യക്തമാക്കുന്നത്. പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് കേപ്ടൗണിന് സമീപമുള്ള ഒരു വിനോദ കേന്ദ്രത്തിന് പുറത്ത് വെടിവെപ്പുണ്ടായത്. ഇതിൽ 10 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 5 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് 5 പേർ ആശുപത്രിയിലെത്തിച്ചതിനു ശേഷമാണ് മരണപ്പെട്ടത്.
ഈ രണ്ട് ആക്രമണങ്ങൾക്ക് ദിവസങ്ങൾക്ക് മുമ്പ് ഡർബനിലെ ക്വാമാഖുത ടൗൺഷിപ്പിൽ ഒരു വീടിന് നേരെ നടന്ന വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ ഈ മൂന്ന് സംഭവങ്ങളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ലോകത്തിൽ ഏറ്റവും ഉയർന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ഏകദേശം 6.2 കോടി ജനസംഖ്യയുള്ള ഇവിടെ ദിവസേന ശരാശരി 60 കൊലപാതകങ്ങൾ നടക്കുന്നുണ്ട്.
അനധികൃത തോക്കുകൾ വ്യാപകമായി ലഭിക്കുന്നതും ഗ്യാങ് വാറുകളുമാണ് അക്രമങ്ങളുടെ പ്രധാന കാരണം. ലഹരിമരുന്ന് കടത്ത്, അനധികൃത ഖനനം തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പല സംഘട്ടനങ്ങളും നടക്കുന്നത്. നിലവിലെ സ്ഥിതി നിയന്ത്രിക്കാൻ കുറ്റകൃത്യങ്ങൾ ഏറെയുള്ള പ്രദേശങ്ങളിൽ പോലീസിനൊപ്പം സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.