പഠനത്തിന് വരുമ്പോൾ ഇനി കുടുംബത്തെയും ഒപ്പം കൂട്ടേണ്ട; വിദേശ വിദ്യാർഥികൾക്ക് തിരിച്ചടി, പുതിയ കുടിയേറ്റ നയവുമായി ആസ്ട്രേലിയ
മെൽബൺ: പഠനത്തിനായെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പങ്കാളിയെയും കുട്ടികളെയും ഒപ്പം കൊണ്ടുവരുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ആസ്ട്രേലിയൻ സർക്കാർ. കുടിയേറ്റം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വിദേശ വിദ്യാർഥികളുടെ ഡിപെൻഡന്റ് വിസാ സംവിധാനത്തിലാണ് മാറ്റം വരിക. ആസ്ട്രേലിയൻ ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് പ്രഖ്യാപിച്ച കുടിയേറ്റ പരിഷ്കരണങ്ങളുടെ ഭാഗമായാണ് നടപടി.
നിലവിൽ വിദേശ വിദ്യാർഥികളുടെ പങ്കാളികൾക്കും 18 വയസ്സിന് താഴെയുള്ള ആശ്രിത കുട്ടികൾക്കും വിദ്യാർഥിയുടെ വിസയിൽ ഡിപെൻഡന്റായി ആസ്ട്രേലിയയിലെത്താൻ സാധിക്കും. പങ്കാളികൾക്ക് പഠിക്കുന്ന കോഴ്സിന്റെ സ്വഭാവമനുസരിച്ച് ജോലി ചെയ്യാനുള്ള അവകാശവും ലഭിക്കും.
രാജ്യത്ത് വീടുകളുടെ ലഭ്യതക്കുറവും അടിസ്ഥാനസൗകര്യങ്ങളിലെ സമ്മർദവും വർധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ കടുത്ത തീരുമാനം. കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.
കുടിയേറ്റ നയം മാറ്റത്തിലൂടെ ആസ്ട്രേലിയയുടെ വാർഷിക നെറ്റ് ഓവർസീസ് മൈഗ്രേഷൻ 2028ഓടെ ഏകദേശം 2.25 ലക്ഷമായി കുറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ ഇത് മൂന്ന് ലക്ഷമാണ്. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം 2022ൽ അതിർത്തികൾ തുറന്നതോടെ അന്താരാഷ്ട്ര വിദ്യാർഥികൾ, ബാക്ക്പാക്കർമാർ, താൽക്കാലിക തൊഴിലാളികൾ എന്നിവരുടെ വരവ് വലിയ തോതിൽ വർധിച്ചിരുന്നു.
പുതിയ കുടിയേറ്റ നയത്തിൽ, വിദേശ വിദ്യാർഥികൾക്ക് പഠനത്തിന്റെ അടുത്ത തലത്തിലുള്ള യോഗ്യതയിലേക്ക് മാറുമ്പോഴേ വിദ്യാർഥി വിസ പുതുക്കാൻ കഴിയൂവെന്ന തരത്തിലുള്ള നിയന്ത്രണവും കൊണ്ടുവരും. താൽക്കാലിക വിസയിലുള്ളവർ മറ്റൊരു വിസയിലേക്ക് മാറുന്നതിനുള്ള സാധ്യതകളും സർക്കാർ പരിമിതപ്പെടുത്തും. സന്ദർശക വിസയിലുള്ളവർ ആസ്ട്രേലിയയിൽ തുടരുന്നതിനിടെ മറ്റൊരു വിഭാഗത്തിലുള്ള വിസക്ക് അപേക്ഷിക്കുന്നത് തടയുന്ന ‘നോ ഫർദർ സ്റ്റേ’ വ്യവസ്ഥയും വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.