‘അമേരിക്കയുമായി സർവ്വനാശകരമായ യുദ്ധത്തിനും സമാധാന ചർച്ചകൾക്കും തയാർ’; ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: ഹുർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച ഇറാന്റെ നിർദേശം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞതിന് പിന്നാലെ ഭീഷണിയുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി. ആവശ്യമെങ്കിൽ യു.എസുമായി വീണ്ടും ഒരു യുദ്ധത്തിന് ഇറാൻ പൂർണ്ണമായും സജ്ജമാണെന്ന് അറാഗ്ചി വ്യക്തമാക്കി. അതേസമയം തന്നെ, സമാധാനത്തിനായുള്ള നയതന്ത്ര ചർച്ചകളുടെ വാതിലുകൾ അടച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.ബി.സി ന്യൂസിന്റെ 'മീറ്റ് ദി പ്രസ്സ്' പരിപാടിയിൽ സംസാരിക്കവെയാണ് അറാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിച്ചാലും നേരിടാൻ ഇറാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇറാൻ തങ്ങളുടെ തീരുമാനങ്ങളിൽ മാറ്റം വരുത്തുകയാണെന്ന വാദവും അറാഗ്ചി തള്ളി. “യുദ്ധം പുനരാരംഭിക്കാനുള്ള സാധ്യതയെ നേരിടാൻ ഞങ്ങൾ പൂർണമായും തയാറാണ്. പുതിയ ഏതുതരം ആക്രമണമുണ്ടായാലും, അത് വിനാശകരമായ യുദ്ധമായി മാറിയാലും ഞങ്ങൾ ഉറച്ചുനിൽക്കും. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് ഞങ്ങളുടെ വിഷയമല്ല. ഞങ്ങളുടെ ദേശീയ താൽപര്യങ്ങളാണ് പ്രധാനം” - അറാഗ്ചി പറഞ്ഞു. എന്നാൽ അതേസമയം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനും ഞങ്ങൾ സന്നദ്ധരാണെന്നും, ഇനി തീരുമാനം എടുക്കേണ്ടത് പ്രസിഡന്റ് ട്രംപ് ആണെന്നും അറാഗ്ചി കൂട്ടിച്ചേർത്തു.

നേരത്തേ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇറാനിലെ ബോംബാക്രമണങ്ങൾ പുനരാരംഭിക്കാൻ ട്രംപ് പദ്ധതിയിടുന്നതായി 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അറാഗ്ചി. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ സംസാരിക്കവെ ഇറാനുനെതിരെ കടുത്ത മുന്നറിയിപ്പുകൾ ട്രംപ് നൽകിയിരുന്നു. എന്നാൽ ട്രംപ് തങ്ങളുടെ നിർദേശം പരസ്യമായി തള്ളിക്കളഞ്ഞെങ്കിലും, മധ്യസ്ഥർ വഴി പ്രവർത്തിക്കുന്ന ഔദ്യോഗിക നയതന്ത്രർ മുഖേന ഈ വിവരം തങ്ങൾക്ക് ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് അറാഗ്ചി വ്യക്തമാക്കി.

ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ മാധ്യസ്ഥർ വഴിയാണ് ഇറാൻ യു.എസിന് പുതിയ നിർദേശം കൈമാറിയത്. ഏഴ് ദിവസത്തെ താൽക്കാലിക വെടിനിർത്തലും, തുടർന്ന് ആണവ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമഗ്രമായ ചർച്ചകളും നടത്തുന്നതായിരുന്നു ഈ നിർദേശം. സംഘർഷത്തിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഈ സമുദ്രപാത തുറന്നുകൊടുക്കാൻ ഇറാൻ തയാറാണെന്ന് അറാഗ്ചി ആവർത്തിച്ചു. എന്നാൽ തങ്ങളുടെ മരവിപ്പിച്ചിരിക്കുന്ന ആസ്തികൾ തിരികെ നൽകണമെന്നും, എണ്ണ കയറ്റുമതി പുനരാരംഭിക്കാൻ അനുവദിക്കണമെന്നുമാണ് ഇറാൻ ആവശ്യപ്പെടുന്നത്. ജൂണിൽ യു.എസും ഇറാനും തമ്മിൽ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ ധാരണയുടെ തുടർച്ചയായാണ് ഈ നിബന്ധനകളെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എന്നാൽ ഇറാന്റെ ഈ കരാർ താൻ അംഗീകരിച്ചില്ലെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധം മൂലം കനത്ത തിരിച്ചടികൾ നേരിടുന്നതുകൊണ്ടാണ് ഇറാൻ പെട്ടെന്ന് തന്നെ കടലിടുക്ക് തുറക്കാൻ ചർച്ചകൾക്ക് മുതിരുന്നതെന്ന് ട്രംപ് ഫൊക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു. യുദ്ധം വളരെ പെട്ടെന്ന് തന്നെ അമേരിക്ക വിജയിക്കുമെന്നും, അതിനുശേഷം എണ്ണവില ഗണ്യമായി കുറയുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഗോള ഇന്ധന വിപണിയിൽ നിർണ്ണായകമായ ഹുർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുമ്പോൾ തന്നെ, ഒരുഭാഗത്ത് സൈനിക നീക്കങ്ങളും മറുഭാഗത്ത് നയതന്ത്ര ചർച്ചകൾക്കായുള്ള വാതിലുകളും തുറന്നുവെച്ചിരിക്കുകയാണ് ഇരു രാജ്യങ്ങളും. 

Tags:    
News Summary - Iran’s foreign minister says Tehran ready for ‘doomsday’ war with U.S., but leaves diplomacy on the table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.