ഡ്രോണുകളും മിസൈലുകളും ഒരുമിച്ച്; ‘സ്വാം' ആക്രമണതന്ത്രം പരീക്ഷിച്ച് ഉത്തരകൊറിയ
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കൂടുതൽ സമ്മർദം സൃഷ്ടിക്കാൻ കഴിയുന്ന രീതിയിൽ ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, ദീർഘദൂര പീരങ്കികൾ എന്നിവ സംയോജിപ്പിച്ച ‘സ്വാം’(swarm)ആക്രമണരീതിയുടെ പരീക്ഷണങ്ങൾ ഉത്തരകൊറിയ ആരംഭിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്.
ഈ മാസം ആദ്യമായി ആക്രമണ ഡ്രോണുകൾ, ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ, റോക്കറ്റുകൾ, ദീർഘദൂര പീരങ്കികൾ എന്നിവ ഒരൊറ്റ ലക്ഷ്യത്തിലേക്ക് സംയോജിപ്പിച്ച് ഉത്തരകൊറിയ സൈനിക അഭ്യാസം നടത്തിയെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 20ന് ഇതിന് പിന്നാലെ ‘ഹൈപ്പർസോണിക്’ മിസൈലുകളെന്ന് വിശേഷിപ്പിച്ച രണ്ട് മിസൈലുകളും ഉത്തരകൊറിയ വിക്ഷേപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അപ്‌ഗ്രേഡ് ചെയ്ത 240 എം.എം മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സംവിധാനത്തിന്റെ ഷെല്ലുകളും വ്യാഴാഴ്ച പരീക്ഷിച്ചതായി ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളില്ലാ കൃത്യനിയന്ത്രണ സംവിധാനമാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. വ്യത്യസ്ത വേഗതയിൽ സഞ്ചരിക്കുന്ന നിരവധി ആയുധങ്ങൾ ഒരേസമയം ലക്ഷ്യത്തിലേക്ക് അയച്ച് ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കുകയാണ് ‘സ്വാം’ ആക്രമണങ്ങളുടെ ലക്ഷ്യം.
യുക്രെയ്ൻ യുദ്ധത്തിലും ഇറാൻ സംഘർഷത്തിലും സമാനമായ തന്ത്രങ്ങൾ കൂടുതൽ പ്രാധാന്യം നേടിയിട്ടുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞ ഡ്രോണുകളും മിസൈലുകളും വലിയ തോതിൽ ഉപയോഗിക്കുന്നത് വിലയേറിയതും പരിമിതവുമായ പ്രതിരോധ മിസൈലുകൾ ഉപയോഗിക്കാൻ എതിരാളികളെ നിർബന്ധിതരാക്കും.
ഉത്തരകൊറിയയുടെ പരമ്പരാഗത സൈനികശേഷി ഇപ്പോഴും സോവിയറ്റ് കാലഘട്ടത്തിലെ ആയുധങ്ങളെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ടെങ്കിലും സൈനിക ആധുനികവത്കരണത്തിന് രാജ്യം കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. റഷ്യയുമായുള്ള വർധിച്ചുവരുന്ന സൈനിക സഹകരണവും ഈ ശ്രമങ്ങൾക്ക് സഹായകമാണ് എന്നാണ് റിപ്പോർട്ട്.
യുക്രെയ്‌നെതിരായ റഷ്യൻ ആക്രമണത്തിന് ഉപയോഗിക്കാൻ ഉത്തരകൊറിയ മിസൈലുകൾ നൽകിയതായും റഷ്യയിലെ ഡ്രോൺ നിർമാണ കേന്ദ്രങ്ങളിലേക്ക് തൊഴിലാളികളെയും എൻജിനീയർമാരെയും അയച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ നടന്ന പാർട്ടി കോൺഗ്രസിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള സൈനിക ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ കിം ജോങ് ഉൻ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുതിയ ആളില്ലാ ആക്രമണ സംവിധാനങ്ങൾ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കൊറിയൻ ഉപദ്വീപിൽ സംഘർഷമുണ്ടായാൽ ദക്ഷിണ കൊറിയയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ഉത്തരകൊറിയയുടെ പുതിയ തന്ത്രം വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. വലിയ തോതിൽ ഡ്രോണുകളും നിലവിലുള്ള മിസൈൽ ശേഷിയും സംയോജിപ്പിച്ചുള്ള ആക്രമണങ്ങൾ പ്രതിരോധ മിസൈൽ ശേഖരം വേഗത്തിൽ കുറക്കുകയും തുടർന്ന് കൂടുതൽ ശക്തമായ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് അവസരമൊരുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.