വാഷിങ്ടൺ: അമേരിക്കയിലെ പ്രമുഖ മോഡലും സംരംഭകയുമായ കിം കർദാഷിയാനെപ്പോലെയാകാൻ 4.78 കോടി മുടക്കിയ ബ്രസീലിയൻ മോഡൽ തന്റെ യഥാർഥ രൂപത്തിലേക്ക് മടങ്ങാൻ ചെലവിടുന്നത് 95 ലക്ഷം! 29കാരിയായ ജെന്നിഫർ പാംപ്ലോണയാണ് കിം കർദാഷിയാനെ പോലെയാകാൻ 12 വർഷത്തിനിടെ 40ലധികം ശസ്ത്രക്രിയകൾക്ക് വിധേയയായത്.
2010ൽ 17ാം വയസ്സിലാണ് ജെന്നിഫർ ആദ്യമായി ശസ്ത്രക്രിയ നടത്തുന്നത്. കർദാഷിയാൻ ജനപ്രീതി നേടിത്തുടങ്ങുന്ന കാലമായിരുന്നു അത്. അവരുടെ രൂപത്തിലേക്കുള്ള മാറ്റം ജെന്നിഫറിന് അന്താരാഷ്‌ട്ര ശ്രദ്ധ നേടിക്കൊടുത്തെങ്കിലും താൻ സന്തുഷ്ടയല്ലെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.
ഒരുപാട് പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോയെന്നും താൻ ബോഡി ഡിസ്‌മോർഫിയയുടെ പിടിയിലാണെന്ന് തിരിച്ചറിഞ്ഞതായും അതിനാലാണ് യഥാർഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതെന്നും ജെന്നിഫർ പറഞ്ഞു. യഥാർഥ രൂപത്തിലേക്ക് മടങ്ങാൻ സഹായിക്കാമെന്ന് ഇസ്താംബൂളിലെ ഡോക്ടറാണ് വാഗ്ദാനം ചെയ്തത്. തനിക്ക് ഒരു 'പുനർജന്മം' ഉണ്ടെന്ന് വിശ്വസിക്കുന്നു. ശസ്ത്രക്രിയക്കിടെ അണുബാധയുണ്ടായി മൂന്ന് ദിവസത്തേക്ക് കവിളിൽ നിന്ന് രക്തസ്രാവം ഉണ്ടായിരുന്നു. ഇപ്പോഴും നല്ല വീക്കവും ചതവുമുണ്ട്. അന്തിമ ഫലം ശുഭകരമാകുമെന്നാണ് പ്രതീക്ഷ. ജീവിതത്തിന്റെ അർഥം ഇപ്പോൾ മനസ്സിലാക്കുന്നെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.