1912 ഏപ്രിൽ 14നാണ് ആദ്യ യാത്രയിൽ തന്നെ ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലുകളിലൊന്നായ ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച് തകർന്നത്. മഞ്ഞുമലകളിൽ ഇടിച്ചതിന് ശേഷം മൂന്ന് മണിക്കൂറിനുള്ളിൽ കപ്പൽ പൂർണമായും മുങ്ങി. 1500 പേരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിന് ദിവസങ്ങൾക്ക് മുമ്പ് ഏപ്രിൽ 11ന് ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് യാത്രികരുടെ ഡിന്നർ മെനുവാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ബീഫ്, സാൽമൺ മത്സ്യം, ആട്ടിറച്ചി, താറാവിന്റെ ഇറച്ചി, വൈൻ തുടങ്ങിയ വിഭവങ്ങളെല്ലാം ഫസ്റ്റ് ക്ലാസ് യാത്രികർക്ക് നൽകിയിരുന്നു. ബീൻസ്, ഉരുളക്കിഴങ്ങ്, സോസ്, വിവിധതരം പുഡ്ഡിങ്ങുകൾ, ഐസ്ക്രീം, കേക്കുകൾ എന്നിവയെല്ലാം മെനുവിന്റെ ഭാഗമായിരുന്നു.
വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിൽ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് നൽകിയ മെനു ഇപ്പോൾ ലേലത്തിൽ പോയിരിക്കുകയാണ്. 84 ലക്ഷം രൂപക്കാണ് ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് യാത്രികരുടെ മെനു ലേലത്തിൽ പോയത്. ടൈറ്റാനിക്കിൽ നിന്നുള്ള നിരവധി വസ്തുക്കൾ ഇതിനും മുമ്പും ഇത്തരത്തിൽ ലേലത്തിൽ പോയിട്ടുണ്ട്.
നേരത്തെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽക്കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ ടൈറ്റൻ പേടകം തകർന്ന് അഞ്ച് പേർ മരിച്ചിരുന്നു. ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, പാകിസ്താൻ ബിസിനസുകാരൻ ഷെഹ്സാദ ദാവൂദ്, മകൻ സുലേമാൻ എന്നിവരും ടെറ്റൻ ജലപേടകത്തിന്റെ ഉടമകളായ ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസിന്റെ സി.ഇ.ഒ സ്റ്റോക്ടൻ റഷ്, മുങ്ങൽ വിദഗ്ധൻ പോൾ ഹെന്ററി നാർജിയോലെ എന്നിവരാണ് ജലപേടകത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.