‘ചിലപ്പോൾ എനിക്കത് ചെയ്യേണ്ടിവരില്ല’; ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നൽകി ട്രംപ്

ന്യൂയോര്‍ക്ക്: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യു.എസ് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യക്ക് അവരുടെ എണ്ണ ഉപഭോക്താക്കളിലൊരാളായ ഇന്ത്യയെ നഷ്ടപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. യു.എസ് ഭീഷണിക്കിടയിലും ഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈമാസം 27നാണ് യു.എസ് പ്രഖ്യാപിച്ച 25 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുന്നത്.

റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അത്തരം സെക്കന്‍ഡറി താരിഫുകള്‍ ചുമത്തില്ല എന്നാണ് ട്രംപ് സൂചന നൽകിയത്. ഇന്ത്യയും ചൈനയുമാണ് റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞമാസം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ യു.എസ് 25 ശതമാനം താരിഫ് ചുമത്തിയിരുന്നു. പിന്നാലെയാണ് റഷ്യൻ എണ്ണയുടെ പേരിൽ 25 ശതമാനം അധിക തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചത്. യുക്രൈയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ റഷ്യക്കുമേല്‍ ഉപരോധവും റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സെക്കന്‍ഡറി ഉപരോധവും ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി.

‘റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്, അവരുടെ ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അത് ഇന്ത്യയാണ്, റഷ്യൻ എണ്ണയുടെ 40 ശതമാനവും വാങ്ങിയിരുന്നത് അവരായിരുന്നു. ചൈനയും ഒരുപാട് എണ്ണ വാങ്ങുന്നുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. സെക്കന്‍ഡറി താരിഫ് എന്ന് വിളിക്കുന്ന ഒന്ന് ഏര്‍പ്പെടുത്തിയാല്‍ റഷ്യക്ക് വളരെ വിനാശകരമായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാല്‍, ഞാന്‍ ചെയ്യും. ചിലപ്പോള്‍ എനിക്കത് ചെയ്യേണ്ടി വരില്ല’ - ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. അതേസമയം, അലാസ്കയിൽ നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ച നിർണായക പ്രഖ്യാപനങ്ങളില്ലാതെയാണ് പിരിഞ്ഞത്.

2022ൽ ട്രംപ് യു.എസ് പ്രസിഡന്‍റായിരുന്നെങ്കിൽ യുക്രെയ്നുമായി യുദ്ധമുണ്ടാകില്ലായിരുന്നുവെന്ന് പുടിൻ പ്രതികരിച്ചു. മോശം സാഹചര്യത്തിലൂടെ കടന്നുപോയ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും നല്ല നിലയിലെത്തിയിരിക്കുകയാണെന്ന് പുടിൻ പറഞ്ഞു. അലാസ്ക കൂടിക്കാഴ്ചയിൽ യുക്രെയ്ൻ ആയിരുന്നു പ്രാധാന ചർച്ചാ വിഷയമെന്ന് പറഞ്ഞ പുടിൻ, യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപിന്‍റെ ആത്മാർഥമായ താൽപര്യത്തെ പ്രശംസിക്കുകയും ചെയ്തു. യുദ്ധത്തിന്‍റെ എല്ലാ മൂല കാരണങ്ങളും ഇല്ലാതാക്കണമെന്നും റഷ്യയുടെ ആശങ്കകൾ കണക്കിലെടുക്കണമെന്നും പുടിൻ പറഞ്ഞു. അടുത്ത തവണ റഷ്യയിൽ കാണാമെന്നു പറഞ്ഞാണ് ഇരുവരും അലാസ്കയിലെ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

Tags:    
News Summary - Maybe I Won't Have To Do It: Trump On 25% India Tariff Over Russian Oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.