ഗസ്സ സിറ്റി: ഗസ്സയിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ ഖാൻ യൂനുസിൽനിന്ന് ഫലസ്തീനികളെ കൂട്ടമായി കുടിയിറക്കി ഇസ്രായേൽ. സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പട്ടണം വിട്ടുപോകാൻ ഉത്തരവ്. സമീപ പ്രദേശങ്ങളായ ബനീ സുഹൈല, അബസാൻ എന്നിവിടങ്ങളിലുള്ളവരും അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നും കടുത്ത ആക്രമണം വരാനിരിക്കുന്നുവെന്നും ഇസ്രായേൽ സൈനിക വക്താവ് അവിക്കായ് അഡ്രയി സമൂഹ മാധ്യമ പോസ്റ്റിൽ പറയുന്നു.
ഇതേതുടർന്ന്, ഫലസ്തീനികൾ സമീപത്തെ മവാസിയിലേക്ക് നാടുവിടുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം മധ്യഗസ്സയിലും സമാനമായി കുടിയൊഴിപ്പിച്ചിരുന്നു. ഗസ്സ മുഴുക്കെ പിടിച്ചടക്കുന്നതിന്റെ ഭാഗമായാണ് കരസേനനീക്കവും കുടിയൊഴിപ്പിക്കലുമെന്നാണ് സൂചന. ഒഴിഞ്ഞുപോകാൻ നിർദേശിച്ച മവാസിയിൽ കഴിഞ്ഞ ദിവസം ബോംബിങ്ങിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനിടെ ഗസ്സയിൽ 150ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നുസൈറാത്തിൽ സ്കൂളിനു മേൽ ബോംബിങ്ങിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾ കടത്തിവിടാൻ സമ്മതിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സഖ്യകക്ഷികളുടെ കടുത്ത സമ്മർദത്തെ തുടർന്ന് അതിർത്തി തുറന്ന് ഭാഗികമായി ഭക്ഷ്യവസ്തുക്കൾ കയറ്റിയ ട്രക്കുകൾ കടത്തിവിടുമെന്ന് നെതന്യാഹു പറഞ്ഞു. എന്നു മുതൽ അതിർത്തി തുറക്കുമെന്ന് അറിയിച്ചിട്ടില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ മുനീർ അൽബർശ് പറഞ്ഞു.
വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും അയച്ച സഹായവസ്തുകൾ അടങ്ങിയ ട്രക്കുകൾ മാർച്ച് രണ്ടുമുതൽ ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ഗസ്സയിൽ കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് പരിമിതമായ സഹായം അനുവദിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിശ്ചിത അളവിലുള്ള ഭക്ഷ്യവസ്തുക്കൾ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയിൽ ഭക്ഷ്യവിതരണത്തിന് നേതൃത്വം നൽകുന്ന വേൾഡ് സെൻട്രൽ കിച്ചൺ, യു.എന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം എന്നിവരെ മാറ്റി യു.എസ് കരാറുകാരായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് ചുമതല നൽകാനാണ് ഇസ്രായേൽ നീക്കം. ഇവർ ചുമതലയേൽക്കുന്നതുവരെ ഒരാഴ്ചത്തേക്ക് വേൾഡ് സെൻട്രൽ കിച്ചണും വേൾഡ് ഫുഡ് പ്രോഗ്രാമും ഭക്ഷ്യവിതരണത്തിൽ സഹായിക്കുമെന്നാണ് അറിയുന്നത്.
ലണ്ടൻ: ഗസ്സയിലെ 21 ലക്ഷം ജനങ്ങളും കൊടുംപട്ടിണിയിലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനം ഗബ്രിയെസൂസ്. ടൺ കണക്കിന് ഭക്ഷണമാണ് അതിർത്തിയിൽ തടഞ്ഞിട്ടിരിക്കുന്നത്. കൊടുംപട്ടിണിയും കടുത്ത പോഷണക്കുറവും രോഗവും മരണവും വേട്ടയാടുകയാണ്. ലോകത്തെ ഏറ്റവും കടുത്ത ഭക്ഷണ പ്രതിസന്ധിയാണ് ഗസ്സയിലെന്നും വാർത്തക്കുറിപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.