തെരഞ്ഞെടുപ്പ് നേരത്തെയാക്കണം, ബന്ദികളെ മോചിപ്പിക്കണം; ഇസ്രായേലിൽ നെതന്യാഹുവിനെതിരെ വൻ പ്രതിഷേധം

ടെൽ അവീവ്: ബിന്യമിൻ നെതന്യാഹുവിന്റെ സർക്കാറിനെതിരെ ഇസ്രായേലിൽ വൻ പ്രതിഷേധം. ഗസ്സയിലുള്ള ബന്ദികളെ മോചിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും ആവശ്യപ്പെട്ടാണ് 70ഓളം സ്ഥലങ്ങളിൽ പ്രതിഷേധം അരങ്ങേറിയത്. ശനിയാഴ്ചയായിരുന്നു വിവിധ സ്ഥലങ്ങളിലെ പ്രതിഷേധം.

ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണ​ത്തെ തുടർന്ന് രൂപംകൊണ്ട് ചേഞ്ച് ജനറേഷൻ എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ഇസ്രായേലിൽ ഭരണമാറ്റം ഉണ്ടാവണമെന്നതും പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.

ഒരു ലക്ഷത്തോളം ആളുകൾ വിവിധയിടങ്ങളിൽ പ്രതിഷേധത്തിന്റെ ഭാഗമായെന്നാണ് റിപ്പോർട്ട്. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളും പ്രതിഷേധത്തിൽ പ​ങ്കെടുത്തു. പ്രതിഷേധക്കാർ ഉയർത്തിയ ബാനറുകളിൽ നെതന്യാഹുവിനെ ഇസ്രായേലിനെ തകർത്തയാളെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നും അല്ലെങ്കിൽ തങ്ങളുടേതായ രീതിയിൽ അത് ചെയ്യുമെന്നും ബാനറുകളിൽ പറയുന്നു.

ടെൽ അവീവിൽ പ്രതിഷേധക്കാർ അണിനിരന്നതോടെ പ്രധാന സ്ട്രീറ്റ് അടച്ചിടേണ്ടി വന്നിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീടിന് മുന്നിലും ജനങ്ങൾ എത്തി. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 34,600 പേർക്കാണ് ജീവൻ നഷ്ടമായത്. 77,800 പേർക്ക് പരിക്കേറ്റു. വലിയ രീതിയിൽ ഗസ്സയിലെ അടിസ്ഥാന സൗകര്യവും ഇസ്രായേൽ തകർത്തു. യു.എന്നിന്റെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടേയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകളുണ്ടായിട്ടും അതൊന്നും ചെവിക്കൊള്ളാൻ ഇസ്രായേൽ തയാറായിട്ടില്ല.


Tags:    
News Summary - Mass protests in Israel for release of hostages, early election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.