ചാള്‍സ് രാജാവിനു നേർക്ക് വീണ്ടും ചീമുട്ടയേറ്; 20കാരൻ പിടിയിൽ

ലണ്ടന്‍: ചാള്‍സ് രാജാവിനു നേരെ വീണ്ടും ചീമുട്ടയേറ്. മുട്ടയെറിഞ്ഞ 20കാരനെ യു.കെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ചാൾസ് രാജാവ് നടക്കാനിറങ്ങിയ സമയത്താണ് സംഭവം നടന്നതെന്ന് ബെഡ്ഫോർഡ്ഷയർ പൊലീസിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്തു. സെന്‍റ് ജോർജ്ജ് സ്‌ക്വയറിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ബെഡ്‌ഫോർഡ്‌ഷെയർ പൊലീസ് പറഞ്ഞു.

ലൂട്ടണ്‍ ടൗണ്‍ഹാളിനു പുറത്താണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്നും യുവാവ് മുട്ടയെറിയുകയായിരുന്നു. ബെഡ്‌ഫോർഡ്‌ഷെയർ പട്ടണത്തിലേക്കുള്ള സന്ദർശന വേളയിൽ, രാജാവ് ഗുരു നാനാക്ക് ഗുരുദ്വാരയും ടൗൺ ഹാളും സന്ദർശിച്ചതായി 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നു. ഗുരുദ്വാരയില്‍ നമസ്തേ പറഞ്ഞ് അഭിവാദ്യം ചെയ്യുന്നതിനു മുന്‍പ് രാജാവ് തന്‍റെ ഷൂസ് അഴിച്ചുമാറ്റി ശിരോവസ്ത്രം ധരിച്ചു.

ഒരു മാസം മുന്‍പ് യോര്‍ക്കില്‍ വച്ചും ചാള്‍സ് രാജാവിനും രാജ്ഞി കാമിലക്കും നേരെ മുട്ടയെറിഞ്ഞതിന് 23കാരനായ വിദ്യാര്‍ഥി അറസ്റ്റിലായിരുന്നു. യോര്‍ക്ക് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് പ്രതി. "അടിമകളുടെ രക്തം കൊണ്ടാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. ഇദ്ദേഹം എന്‍റെ രാജാവല്ല" എന്നു പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ഥി മുട്ടയേറ് നടത്തിയത്. യോര്‍ക്ക് നഗരത്തില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയതായിരുന്നു ചാള്‍സും കാമിലയും. മൂന്നു മുട്ടകളാണ് എറിഞ്ഞതെങ്കിലും ഒന്നും രാജാവിന്‍റെ ദേഹത്ത് കൊണ്ടില്ല. 2002ൽ എലിസബത്ത് രാജ്ഞി നോട്ടിംഗ്ഹാം സന്ദർശിച്ചപ്പോൾ വാഹനത്തിനു നേരെ മുട്ടയെറിഞ്ഞിരുന്നു. 

Tags:    
News Summary - Man held after egg thrown at King Charles III

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.