ട്രംപുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ രാജിവെച്ച് ‘മാഗ’യുടെ ഐക്കൺ മാർജോറി ടെയ്‌ലർ ഗ്രീൻ

വാഷിങ്ടൺ: അമേരിക്കയിലെ തീവ്ര വലതുപക്ഷ സമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (മാഗ) പ്രസ്ഥാനത്തിന്റെ ഐക്കണുമായ റിപ്പബ്ലിക്കൻ നിയമസഭാംഗം മാർജോറി ടെയ്‌ലർ ഗ്രീൻ കോൺഗ്രസിലെ തന്റെ സ്ഥാനം രാജിവെച്ചു. ലൈംഗികക്കുറ്റകൃത്യവുമായി ബന്ധപ്പെട്ട ‘എപ്സ്റ്റീൻ’ ഫയലുമായി ബന്ധപ്പെട്ട് അടുത്തി​ടെ ട്രംപുമായി നാടകീയമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. ട്രംപ് ഭരണകൂടത്തിന് കീഴിൽ മാറ്റിനിർത്തപ്പെട്ടതായി ഗ്രീൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച നീണ്ട രാജി പ്രസ്താവയിൽ പറഞ്ഞു. തന്റെ രാജി പ്രസ്താവനയിൽ ഗ്രീൻ ‘എപ്സ്റ്റീൻ’ വിവാദത്തെയും പരാമർശിച്ചു.

ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള സർക്കാറിന്റെ ഫയലുകൾ പുറത്തുവിട്ടതിന് ട്രംപുമായുള്ള തന്റെ തുറന്ന വാദമാണ് ഗ്രീനിനെ പുറത്തേക്ക് നയിച്ചത്. ‘14 വയസ്സുള്ളപ്പോൾ ബലാത്സംഗം ചെയ്യപ്പെട്ട, കടത്തിക്കൊണ്ടുപോകപ്പെട്ട, ധനികരും ശക്തരുമായ പുരുഷന്മാർ ഉപയോഗിച്ച അമേരിക്കൻ സ്ത്രീകൾക്കുവേണ്ടി നിലകൊള്ളുന്നത് എന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതിലേക്കും അമേരിക്കൻ പ്രസിഡന്റ് എന്നെ ഭീഷണിപ്പെടുത്തുന്നതിലേക്കും നയിക്കരുതെന്ന്’ ഗ്രീൻ പറഞ്ഞു.

‘പ്രതിനിധിസഭയിലെ അംഗമെന്ന നിലയിൽ താൻ എല്ലായ്പ്പോഴും സാധാരണക്കാരായ അമേരിക്കൻ പുരുഷൻമാരെയും സ്ത്രീകളെയും പ്രതിനിധീകരിച്ചു. അതുകൊണ്ടാണ് വാഷിങ്ടൺ ഡി.സിയിൽ ഞാൻ വെറുക്കപ്പെട്ടത്. ഇനി ഒരിക്കലും അതിൽ ചേരില്ല. നമ്മളെല്ലാവരും പോരാടിയ പ്രസിഡന്റിൽ നിന്ന് വേദനാജനകവും വെറുപ്പുളവാക്കുന്നതുമായ വാക്കുകൾ എന്റെ അനുയായികളും കുടുംബവും സഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും’ ഗ്രീൻ പറഞ്ഞു. അവസാന ദിവസം 2026 ജനുവരി 5 ആയതിനാൽ ആ ദിവസം താൻ ഓഫിസിൽ നിന്നും രാജിവെക്കുമെന്നും അവർ പറഞ്ഞു.

എപ്സ്റ്റീൻ വിഷയം ഒരു ഡെമോക്രാറ്റ് തട്ടിപ്പ് എന്ന് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. കൂടാതെ കേസിലെ സർക്കാർ ഫയലുകൾ പുറത്തുവിടുമെന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെച്ചൊല്ലി അദ്ദേഹത്തിന്റെ ‘മാഗ’ ഫാൻ ബേസിൽനിന്നും പ്രതിഷേധം നേരിടേണ്ടി വന്നു. എന്നാൽ, സ്വന്തം പാർട്ടിയിൽ നിന്നും ഡെമോക്രാറ്റുകളിൽ നിന്നുമുള്ള വർധിച്ചുവരുന്ന സമ്മർദത്തെത്തുടർന്ന് എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള പ്രമേയം ഹൗസിലും സെനറ്റിലും വൻ പിന്തുണയോടെ പാസായതിനെത്തുടർന്ന് ട്രംപ് ഈ ആഴ്ച ഒരു ബില്ലിൽ ഒപ്പുവെക്കുകയുണ്ടായി.

രാജ്യത്തിന് ഇതൊരു വലിയ വാർത്തയാണെന്ന് താൻ കരുതുന്നു എന്ന് പ്രസിഡന്റ് ട്രംപ് ഗ്രീനിന്റെ രാജി വാർത്തയോട് പ്രതികരിച്ചു. ഇത് വളരെ മികച്ചതാണെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞതായി എ.ബി.സി ന്യൂസ് ഉദ്ധരിച്ചു.

Tags:    
News Summary - Major MAGA figure Marjorie Taylor Greene resigns after Trump clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.