ലുല ഡാ സിൽവ ബ്രസീൽ ​പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു

റിയോ ഡെ ജനീറോ: ബ്രസീൽ പ്രസിഡന്റായി ലുല ഡ സിൽവ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം തവണയാണ് ലുല പ്രസിഡന്‍റ് പദത്തിലെത്തുന്നത്. 35 അംഗ മന്ത്രിസഭയും പുതിയ പ്രസിഡന്‍റ് പ്രഖ്യാപിച്ചു. ഇതിൽ 11 പേർ വനിതകളാണ്. ഇടത് ആഭിമുഖ്യമുള്ള വർക്കേഴ്‌സ് പാർട്ടി നേതാവാണ് ലുല.

പാവപ്പെട്ടവർക്കും പരിസ്ഥിതിക്കും വേണ്ടിയാകും തന്‍റെ പോരാട്ടമെന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ലുല ഡ സിൽവ പ്രഖ്യാപിച്ചു. ആമസോൺ മഴക്കാടുകൾ അടക്കമുള്ളവയുടെ സംരക്ഷണം താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. തെരുവിൽ നിർത്തുന്ന വാഹനങ്ങളിൽ ആളുകൾ ഭിക്ഷയാചിക്കുന്നത് കാണുമ്പോൾ തന്‍റെ കണ്ണുകൾ നിറയുന്നതായി ലുല പറഞ്ഞു. ഇക്കാര്യം പറഞ്ഞ ലുല വിതുമ്പുകയും ചെയ്തു.

അതേസമയം, ലുല ഡ സിൽവ വിജയം അംഗീകരിക്കാത്ത വലതുപക്ഷ നേതാവും നിലവിലെ പ്രസിഡന്‍റുമായ ജയിർ ബൊൽസനാരോ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിട്ടില്ല. ബൊൽസനാരോയും അദ്ദേഹത്തിന്‍റെ അനുയായികളും തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിട്ടില്ല.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ലുല 50.8 ശതമാനം വോട്ട് നേടിപ്പോൾ ബൊൽസനാരോക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ദുർബലമായ സമ്പദ്‌വ്യവസ്ഥയും ജനാധിപത്യ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും ബൊൽസനാരോക്ക് തിരിച്ചടിയായി. ആമസോൺ വനനശീകരണവും ഗോത്ര വിഭാഗങ്ങളോടുള്ള മുഖം തിരിക്കലും അദ്ദേഹത്തിന്റെ ജനപ്രീതി ഇടിച്ചു.

ബ്രസീലിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാൻ 50 ശതമാനം വോട്ട് ലഭിക്കണം. ഒന്നാംഘട്ട വോട്ടെടുപ്പിൽ ആർക്കും ഇത് ലഭിക്കാത്തതിനെ തുടർന്ന് കൂടുതൽ വോട്ട് ലഭിച്ച രണ്ടു സ്ഥാനാർഥികൾ മാത്രമായി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ബ്രസീലില്‍ 2003 മുതൽ 2011 വരെ രണ്ടുതവണ പ്രസിഡന്റായ ലുല സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലൂന്നിയ നിരവധി പരിഷ്കാരങ്ങൾ അക്കാലത്ത് നടപ്പാക്കിയിരുന്നു.

സാവോ പോളോ നഗരത്തിലെ കാർ വാഷ് കമ്പനിയിൽ നിന്ന്‌ അപ്പാർട്ട്‌മെന്റ്‌ കൈക്കൂലിയായി നേടിയെന്ന് ആരോപിച്ച് 2018ൽ ലുലയെ ജയിലിലടച്ചിരുന്നു. അദ്ദേഹത്തിന് ഒമ്പതു വർഷം തടവ് ശിക്ഷ വിധിച്ച ജഡ്ജി സെർജിയോ മോറോയെ പിന്നീട് ബൊൽസനാരോ മന്ത്രിസഭയിൽ നിയമ മന്ത്രിയാക്കി. അപ്പീൽ സാധ്യത അവസാനിച്ചാലേ ഒരാളെ ജയിലിലിടാവൂ എന്ന സുപ്രീംകോടതി നിരീക്ഷണത്തെ തുടർന്നാണ് 580 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ലുല പുറത്തിറങ്ങിയത്.

1998ൽ ഫെർണാണ്ടോ ഹെൻറിക് കാർഡോസോയും 2006ൽ ലുലയും 2014ൽ ദിൽമ റൂസഫും തെരഞ്ഞെടുപ്പിൽ രണ്ടാം തവണ അധികാരത്തിലെത്തിയിരുന്നുവെങ്കിൽ ബൊൽസനാരോക്ക് അധികാരത്തിൽ തുടരാൻ കഴിഞ്ഞില്ല. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ മാതൃകകൾ പിന്തുടരുന്ന കടുത്ത വലതുപക്ഷ നേതാവായ ബൊൽസനാരോയെ 'ട്രംപ് ഓഫ് ദി ട്രോപിക്സ്' എന്നു വിളിച്ചിരുന്നു.

Tags:    
News Summary - Lula da Silva takes over in Brazil President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.