199 യാത്രക്കാരുമായി ലുഫ്താൻസ വിമാനം പത്ത് മിനിറ്റ് പറന്നത് പൈലറ്റില്ലാതെ

ബർലിൻ: സ്​പെയിനിലേക്കുള്ള ലുഫ്താൻസ വിമാനം പത്ത് മിനിറ്റ് പറന്നത് പൈലറ്റില്ലാതെ. പൈലറ്റ് കോക്പിറ്റിലില്ലാതിരുന്ന സമയത്ത് കോ-പൈലറ്റ് ബോധരഹിതനായതോടെയാണ് വിമാനത്തെ നിയന്ത്രിക്കാൻ ആളില്ലാതായതെന്ന് ജർമ്മൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഫ്രാങ്ക്ഫർട്ടിൽ നിന്ന് സെവിയ്യയിലേക്കുള്ള യാത്രക്കിടയിലാണ് സംഭവമുണ്ടായത്. 2024 ഫെബ്രുവരി 17നുണ്ടായ സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. എയർബസ് എ321 വിമാനമാണ് പത്ത് മിനിറ്റ് സമയം പൈലറ്റില്ലാതെ പറന്നത്. ഇതുസംബന്ധിച്ച് സ്പാനിഷ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ അതോറിറ്റിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

199 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനം ഓണായിരുന്നതിനാൽ അപകടം ഒഴിവാവുകയായിരുന്നു. ഈ സമയത്തെ വോയ്സ് റെക്കോഡുകളിൽ ഒന്നും വ്യക്തമല്ലെന്നും റിപ്പോർട്ടുകളുണ്ട്. വിമാനത്തിന്റെ ക്യാപ്റ്റൻ ടോയ്ലെറ്റിൽ പോയതിന് പിന്നാലെ കോ-പൈലറ്റ് ബോധരഹിതനാവുകയായിരുന്നു.

​ക്യാപ്റ്റൻ തിരിച്ചെത്തിയപ്പോഴാണ് കോ-പൈലറ്റ് ബോധരഹിതനായത് അറിയുന്നത്. തുടർന്ന് വിമാനം മാഡ്രിഡിൽ എമർജൻസി ലാൻഡിങ് നടത്തി രോഗബാധിതനായ കോ-പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

Tags:    
News Summary - Lufthansa Plane Flew On Autopilot For 10 Minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.