ഇറാനിൽ ജനജീവിതം സാധാരണ നിലയിലേക്ക്

തെഹ്റാൻ/ജറൂസലം: ഇസ്രായേലുമായുള്ള വെടിനിർത്തലിന് പിന്നാലെ ഇറാനിൽ ജനജീവിതം സാധാരണ നിലയിലേക്ക് കടന്നു. യുദ്ധഭീതിയിൽ തെഹ്റാനിൽ നിന്ന് ഒഴിഞ്ഞുപോയവർ തിരിച്ചെത്തിയതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കനുഭവപ്പെട്ടു.

സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തെ നേരിടുന്ന ഇറാന്റെ സായുധ സേനക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച രാത്രി തെഹ്റാനിൽ വൻ പ്രകടനവും പൊതുസമ്മേളനവും നടന്നു. ഇസ്രായേലി ആക്രമണങ്ങളെ ചെറുക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമുള്ള സൈനിക നീക്കങ്ങൾക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. നാനാതുറകളിൽ നിന്നുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ഇറാനികൾ മധ്യതെഹ്‌റാനിലെ ‘ഇൻഖ്വിലാബ്’ സ്‌ക്വയറിൽ ഒത്തുകൂടി. ‘അമേരിക്കയ്ക്ക് മരണം’, ‘കുഞ്ഞുങ്ങളെ കൊല്ലുന്ന ഇസ്രായേലിന് മരണം’ ‘വിട്ടുവീഴ്ചയില്ല, കീഴടങ്ങില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.

ഹിസ്ബുല്ലയെ സഹായിക്കുന്നുവെന്നാരോപിച്ച് ലബനാനിൽ കറൻസി വിനിമയ സ്ഥാപനത്തിന്റെ തലവനെ വധിച്ചതായി ഇസ്രായേൽ അറിയിച്ചു. അൽ സാദിഖ് എക്സ്ചേഞ്ച് ഉടമ ഹൈതം ബക്രിയാണ് കൊല്ലപ്പെട്ടത്. ഇറാൻ സൈന്യംനൽകുന്ന തുക ഹിസ്ബുല്ലക്ക് ഇയാൾ കൈമാറുന്നുവെന്നാണ് ആരോപണം. ഇക്കാര്യത്തിൽ ഹിസ്ബുല്ലയുടെ പ്രതികരണം ലഭ്യമായിട്ടില്ല. വെടിനിർത്തലുണ്ടെങ്കിലും ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് എല്ലാദിവസവും ഇസ്രായേൽ ലബനാനിലേക്ക് ആക്രമണം നടത്തുന്നുണ്ട്. അമേരിക്കൻ ആക്രമണത്തിൽ തകർന്ന ഇറാനിലെ ചില ആണവകേന്ദ്രങ്ങൾ മാസങ്ങൾക്കകം പുനർനിർമിക്കാനാകുമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫുൽ മരിയാനോ ഗ്രോസി പറഞ്ഞു.

ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ നന്നായിപ്പോകുന്നെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.