ലാഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരായ നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ലാഹോർ ഹൈകോടതി. നാളെ രാവിലെ പത്ത് മണി വരെ ഇംറാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നാണ് കോടതി ഉത്തരവ്. ഇംറാനെ അറസ്റ്റ് ചെയ്യാനുള്ള പാകിസ്താൻ അന്വേഷണ ഏജൻസികളുടെ നീക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. പി.ടി.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലാഹോർ ഹൈകോടതി ഉത്തരവ്.
ജസ്റ്റിസ് താരിഖ് സലീം ഷെയ്ഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പി.ടി.ഐ നേതാവായ ഫവാദ് ചൗധരി നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. സമ്മാൻ പാർക്കിലെ പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.
നേരത്തെ പഞ്ചാബ് ഇൻസ്പെക്ടർ ജനറൽ ഉസ്മാൻ അൻവർ, പ്രവിശ്യ ചീഫ് സെക്രട്ടറി എന്നിവരോട് മൂന്ന് മണിക്ക് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇസ്ലാമാബാദ് പൊലീസിന്റെ സഹായത്തോടെ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ബുധനാഴ്ചയും അധികൃതർ തുടർന്നിരുന്നു. ചൊവ്വാഴ്ചയും ഇംറാനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.